ഇന്ത്യ-ഓസ്ട്രേലിയ സെമി ഫൈനൽ പോരാട്ടത്തിനിടെ രണ്ട് ഇന്ത്യൻ താരങ്ങളുടെ ഫീൽഡിലെ പ്രവൃത്തികൾ വിവാദമാകുന്നു. ആദ്യം ഇന്ത്യയുടെ യുവതാരം ശുഭ്മാൻ ഗില്ലിനാണ് അമ്പയറുടെ ഭാഗത്ത് നിന്നും ശകാരം കേൾക്കേണ്ടി വന്നത്. ഓസ്ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡ്ഡിനെ (39) പുറത്താക്കാൻ വരുൺ ചക്രവർത്തിയുടെ ഒൻപതാം ഓവറിൽ തകർപ്പനൊരു ക്യാച്ചാണ് ഗില്ലെടുത്തത്.
വരുൺ എറിഞ്ഞ രണ്ടാം പന്ത് ലോങ് ഓഫിലേക്ക് ഒരു ലോഫ്റ്റഡ് ഷോട്ട് കളിച്ചതാണ് ഹെഡ്ഡിന് വിനയായത്. ഗിൽ മനോഹരമായി പന്ത് കയ്യിലൊതുക്കി. ക്യാച്ച് ക്ലീൻ ആയിരുന്നുവെങ്കിലും അതിവേഗം തന്നെ ഫീൽഡർ പന്ത് അന്തരീക്ഷത്തിലേക്ക് ഉയർത്തിയെറിഞ്ഞത് അമ്പയറെ ചൊടിപ്പിച്ചു.
ന്യായമായ രീതിയിൽ ഇന്ത്യൻ ടീമിന് ഔട്ട് അനുവദിച്ചു നൽകിയെങ്കിലും ഗില്ലിൻ്റെ ഈ പ്രവൃത്തി അമ്പയർമാരുടെ അതൃപ്തി ക്ഷണിച്ചുവരുത്തി. ഹെഡ്ഡ് പവലിയനിലേക്ക് മടങ്ങിയതും അമ്പയർ ഗില്ലിന് അരികിലെത്തി കൃത്യമായ മുന്നറിയിപ്പ് നൽകി.
പന്ത് കൂടുതൽ സമയം കൈകളിൽ സൂക്ഷിക്കണമെന്നാണ് നിർദേശം നൽകിയത്. ഒരു ഫീൽഡർ ക്യാച്ചെടുക്കുന്നതിനുള്ള ഐസിസി മാനദണ്ഡങ്ങൾ പാലിക്കാൻ ഗിൽ തയ്യാറാകണമെന്നും ഫീൽഡ് അമ്പയർ ഓർമിപ്പിച്ചു.
അതേസമയം, ഇന്ത്യൻ ബൗളർ കുൽദീപ് യാദവിനെ ബൗളിങ്ങിനിടെ ഇന്ത്യൻ നായകൻ രോഹിത് ശർമയും സീനിയർ താരം വിരാട് കോഹ്ലിയും ചേർന്ന് ശകാരിക്കുന്നതും ശ്രദ്ധേയമായിരുന്നു. നോൺ സ്ട്രൈക്കറുടെ എൻഡിൽ ഉണ്ടായിരുന്ന കുൽദീപ് ഒരു റണ്ണൗട്ട് അവസരം പാഴാക്കിയതാണ് ഇരുവരേയും ദേഷ്യം പിടിപ്പിച്ചത്. ബൗണ്ടറി ലൈനിൽ നിന്നുള്ള വിരാട് കോഹ്‌ലിയുടെ ലോങ് ത്രോ സ്വീകരിക്കാൻ പാകത്തിനായിരുന്നില്ല കുൽദീപിൻ്റെ പൊസിഷൻ. താരത്തെ രൂക്ഷമായി വിമർശിക്കുന്നത് ലൈവിനിടയിൽ കാണാമായിരുന്നു.
ക്രിക്കറ്റിലെ നിയമം പറയുന്നത് എന്താണ്?
ഒരു ക്യാച്ച് പൂർത്തിയാക്കാൻ ഒരു ഫീൽഡർ എത്ര സമയം പന്ത് കൈവശം വയ്ക്കണമെന്ന് പ്രത്യേക സമയപരിധി പറഞ്ഞിട്ടില്ല. എങ്കിലും മാരിൽബോൺ ക്രിക്കറ്റ് ക്ലബിൻ്റെ (എംസിസി) നിയമപ്രകാരം ഒരു ക്യാച്ച് പൂർത്തിയായി എന്ന് കണക്കാക്കുന്നതിന് മുമ്പ് ഫീൽഡർക്ക് പന്തിലും സ്വന്തം ചലനത്തിലും പൂർണ നിയന്ത്രണം ഉണ്ടായിരിക്കണമെന്നാണ്.
"ഒരു ക്യാച്ച് എടുക്കുന്ന പ്രവൃത്തി, പന്ത് ആദ്യം ഒരു ഫീൽഡറുടെ ശരീരത്തിൽ സ്പർശിക്കുന്ന നിമിഷം മുതൽ ആരംഭിക്കുകയും... അയാൾക്ക് പന്തിലും സ്വന്തം ചലനത്തിലും പൂർണ നിയന്ത്രണം ലഭിക്കുമ്പോൾ അവസാനിക്കുകയും ചെയ്യുന്നു," എന്നാണ് ക്രിക്കറ്റിലെ നിയമം അനുശാസിക്കുന്നത്.