NEWSROOM

കാൺപൂർ ടെസ്റ്റ്: രണ്ടാം ദിവസത്തെ കളി മഴയിൽ ഒലിച്ചുപോയി, ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷകൾക്ക് തിരിച്ചടി

2015ന് ശേഷം ആദ്യമായാണ് ഇന്ത്യയില്‍ ഒരു ടെസ്റ്റ് മത്സരത്തിലെ ഒരു ദിവസത്തെ കളി ഒറ്റ പന്ത് പോലും എറിയാതെ ഉപേക്ഷിക്കുന്നത്

Author : ന്യൂസ് ഡെസ്ക്


കാണ്‍പൂരിൽ വെച്ച് നടക്കുന്ന ഇന്ത്യ-ബംഗാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിവസത്തെ കളി ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു. ആദ്യ ദിനം മഴയും നനഞ്ഞ ഔട്ട് ഫീല്‍ഡും മൂലം 35 ഓവര്‍ മാത്രമാണ് മത്സരം നടന്നിരുന്നത്. രണ്ടാം ദിനം മഴ മാറി നിന്നെങ്കിലും ഔട്ട് ഫീല്‍ഡ് നനഞ്ഞ് കുതിര്‍ന്നതിനാല്‍ ഒരു പന്തു പോലും എറിയാനായില്ല.

35 ഓവറിൽ ബംഗ്ലാദേശ് 107/ 3 എന്ന ഭേദപ്പെട്ട നിലയിലാണ്. മുഷ്ഫിക്കർ റഹീം (6), മൊമിനുൾ ഹഖ് (40) എന്നിവരാണ് ക്രീസിൽ. 2015ന് ശേഷം ആദ്യമായാണ് ഇന്ത്യയില്‍ ഒരു ടെസ്റ്റ് മത്സരത്തിലെ ഒരു ദിവസത്തെ കളി ഒറ്റ പന്ത് പോലും എറിയാതെ ഉപേക്ഷിക്കുന്നത്.

ഇതോടെ രണ്ട് ടെസ്റ്റുകളുള്ള പരമ്പര 2-0ന് തൂത്തുവാരി ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്ക് മുമ്പ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഫൈനൽ ബെർത്ത് ഉറപ്പിക്കാമെന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ക്കാണ് തിരിച്ചടിയേറ്റത്. ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്ക് പുറമെ, അടുത്ത മാസം ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന മൂന്നു ടെസ്റ്റും ജയിക്കുകയും, ശേഷം ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങാതിരിക്കുകയും ചെയ്താല്‍ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഫൈനലുറപ്പിക്കാമായിരുന്നു.

നിലവിൽ ബംഗ്ലാദേശിനെതിരായ പരമ്പര 2-0ന് തൂത്തുവാരുകയും, ശേഷിക്കുന്ന എട്ട് ടെസ്റ്റ് മത്സരങ്ങളിൽ മൂന്നെണ്ണമെങ്കിലും ജയിക്കുകയും ചെയ്താല്‍ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ഫൈനലിലെത്താം. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ഏതെങ്കിലും മത്സരം തോറ്റാല്‍ ഓസ്ട്രേലിയക്കെതിരെ രണ്ടില്‍ കൂടുതല്‍ ടെസ്റ്റുകളില്‍ ഇന്ത്യക്ക് ജയിക്കേണ്ടി വരും.

SCROLL FOR NEXT