ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു. ആദ്യ ഏഴ് ഓവറിൽ 54 റൺസ് നേടി രോഹിത് ശർമയുടെ സൂത്രങ്ങളെ പൊളിക്കാനാണ് ഇംഗ്ലണ്ടിൻ്റെ ഓപ്പണർമാരുടെ ശ്രമം. ബെൻ ഡക്കറ്റും ഫിലിപ്പ് സാൾട്ടുമാണ് ക്രീസിലുള്ളത്. ഒഡിഷയിലെ കട്ടക്കിൽ ഇന്ത്യയെ വീഴ്ത്തി പരമ്പരയിൽ ഒപ്പമെത്താനാണ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്. അതിലൂടെ ചാംപ്യൻസ് ട്രോഫിക്ക് മുമ്പ് ആത്മവിശ്വാസം തിരിച്ചുപിടിക്കാനാണ് ഇംഗ്ലണ്ടിന്‍റെ ശ്രമം.
ആദ്യ ഏകദിനം ജയിച്ച ടീമില്‍ രണ്ട് മാറ്റവുമായാണ് ഇന്ത്യ രണ്ടാം ഏകദിനത്തിൽ ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ കാല്‍മുട്ടിനേറ്റ പരിക്കുമൂലം കളിക്കാതിരുന്ന വിരാട് കോഹ്‌ലി ഇന്ത്യൻ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. ആദ്യ മത്സരത്തില്‍ കളിച്ച കുല്‍ദീപ് യാദവിന് പകരം വരുണ്‍ ചക്രവര്‍ത്തിയെ ഇന്ത്യ സ്പിന്നറായി ഉള്‍പ്പെടുത്തി. വരുണിൻ്റെ അരങ്ങേറ്റ മത്സരമാണിത്.
അതേസമയം, ആദ്യ ആദ്യ മത്സരം തോറ്റ ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് ഇന്ന് കളിക്കാനിറങ്ങിയത്. പേസര്‍ മാര്‍ക്ക് വുഡ് ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. പേസര്‍മാരായ ഗസ് അറ്റ്കിന്‍സണും ജാമി ഓവര്‍ടണും ഇംഗ്ലണ്ടിൻ്റെ പ്ലേയിംഗ് ഇലവനിലുണ്ട്. ആദ്യ മത്സരത്തില്‍ ജയിച്ച ഇന്ത്യ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, ഹർഷിത് റാണ, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി.