ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് രാജ്‌കോട്ടിൽ നടക്കും. പരമ്പരയില്‍ 2-0ന് മുന്നിലുള്ള ഇന്ത്യക്ക് ഇന്ന് ജയിച്ചാല്‍ അഞ്ച് മത്സര പരമ്പര സ്വന്തമാക്കാം. രാജ്‌കോട്ടിലെ നിരഞ്ജന്‍ ഷാ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിന് നടക്കുന്ന മത്സരം സ്റ്റാര്‍ സ്പോര്‍ട്സ് ചാനലിലും ഹോട്ട് സ്റ്റാറിലും തത്സമയം കാണാം.
ഏഴ് വിക്കറ്റ് ജയത്തോടെ പരമ്പരയ്ക്ക് തുടക്കമിട്ട ഇന്ത്യ, രണ്ടാം മത്സരത്തില്‍ രണ്ട് വിക്കറ്റിനാണ് ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. തിലക് വര്‍മയുടെ അവസരോചിത (55 പന്തില്‍ 72) ഇന്നിംഗ്സാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ആദ്യ രണ്ട് മത്സരത്തിലും കാര്യമായി സ്കോർ ചെയ്യാനാകാത്ത സഞ്ജു സാംസണും ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും ഇന്നത്തെ മത്സരത്തിൽ വലിയ സ്കോർ നേടണമെന്ന സമ്മർദ്ദമുണ്ട്.
2023ല്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ നേടിയ 228 റണ്‍സാണ് നിരഞ്ജന്‍ ഷാ സ്റ്റേഡിയത്തിലെ ഉയര്‍ന്ന സ്‌കോര്‍. ഈ മത്സരത്തില്‍ സൂര്യകുമാര്‍ യാദവ് 51 പന്തില്‍ പുറത്താകാതെ നേടിയ 112 റണ്‍സ് വേദിയിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ്. ഇന്ന് ജയിച്ച് പരമ്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താനാണ് ജോസ് ബട്‌ലര്‍ നയിക്കുന്ന ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്.