NEWSROOM

ഇതാണ് മാസ്സ് കംബാക്ക്; 15 റൺസിന് ഇംഗ്ലണ്ടിനെ വീഴ്ത്തി ടി20 പരമ്പര തൂക്കി സൂര്യയും പിള്ളേരും

തുടക്കത്തിലെ ഇന്ത്യൻ മുന്നേറ്റനിരയുടെ ബാറ്റിങ് പരാജയം ഒഴിച്ചുനിർത്തിയാൽ മത്സരത്തിൽ ഓൾറൗണ്ട് മികവ് നിലനിർത്തിയാണ് ഇന്ത്യ ജയിച്ചുകയറിയത്

Author : ന്യൂസ് ഡെസ്ക്


ഇംഗ്ലണ്ടിനെ വീഴ്ത്തി ടി20 പരമ്പരയിൽ 3-1ന് മുന്നിലെത്തി സൂര്യകുമാർ യാദവിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ കടുവകൾ. അവസാന മത്സരം ശേഷിക്കെ പരമ്പര ഇന്ത്യ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. തുടക്കത്തിലെ ഇന്ത്യൻ മുന്നേറ്റനിരയുടെ ബാറ്റിങ് പരാജയം ഒഴിച്ചുനിർത്തിയാൽ മത്സരത്തിൽ ഓൾറൗണ്ട് മികവ് നിലനിർത്തിയാണ് ഇന്ത്യ ജയിച്ചുകയറിയത്.



ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് വീശിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് 181 റൺസ് അടിച്ചെടുത്തത്. മറുപടിയായി 19.4 ഓവറിൽ 166ന് ഇംഗ്ലീഷ് നിര ഓൾഔട്ടായി. ഹാരി ബ്രൂക്ക് (26 പന്തിൽ 51), ബെൻ ഡക്കറ്റ് (19 പന്തിൽ 39), ജാമി ഓവർട്ടൻ (19) എന്നിവർ പൊരുതിയെങ്കിലും ലക്ഷ്യത്തിനടുത്ത് വരെയെത്തി പൊരുതിവീണു. ഇന്ത്യക്കായി രവി ബിഷ്ണോയി, ഹർഷിത് റാണ എന്നിവർ മൂന്ന് വീതവും, വരുൺ ചക്രവർത്തി രണ്ടും വിക്കറ്റെടുത്തു. അർഷ്ദീപും അക്സർ പട്ടേലും ഓരോ വീതം വിക്കറ്റുമായി മികച്ച പിന്തുണ നൽകി.

തുടക്കത്തിൽ 12/3 എന്ന നിലയിൽ ഇന്ത്യ തകർന്നിരുന്നു. രണ്ടാം ഓവറിൽ മൂന്ന് നിർണായക വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. സഞ്ജു സാംസൺ (1), തിലക് വർമ (0), സൂര്യകുമാർ (0) എന്നിവരെ പാകിസ്ഥാൻ വംശജനായ സാഖിബ് മഹ്മൂദാണ് പുറത്താക്കിയത്. നാലാം വിക്കറ്റിൽ റിങ്കു സിങ്ങും (30) അഭിഷേക് ശർമയും (29) ചേർന്ന് ഇന്ത്യയെ തകർച്ചയിൽ നിന്ന് കരകയറ്റിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണത് ഇംഗ്ലണ്ടിന് മത്സരത്തിൽ മേൽക്കൈ സമ്മാനിച്ചു.

എന്നാൽ ആറാം വിക്കറ്റിൽ ഒത്തുചേർന്ന  ശിവം ദുബെയും (53) ഹാർദിക് പാണ്ഡ്യയും (53) ടീമിനെ വൻ തകർച്ചയിൽ നിന്ന് കരകയറ്റി. ഇംഗ്ലണ്ടിനായി ജാമി ഓവർട്ടൺ രണ്ട് വിക്കറ്റും വീഴ്ത്തി.

SCROLL FOR NEXT