NEWSROOM

India vs Pakistan LIVE: സെമി കാണാതെ പാകിസ്ഥാന്‍ പുറത്ത്; ഇന്ത്യക്ക് 6 വിക്കറ്റ് ജയം

ഇന്ത്യ-പാകിസ്ഥാൻ ചാംപ്യൻസ് ട്രോഫി മത്സരത്തിൽ ടോസ് നേടിയ പാകിസ്ഥാൻ ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തു

Author : ന്യൂസ് ഡെസ്ക്

ഇന്ത്യ vs പാകിസ്ഥാൻ ചാംപ്യൻസ് ട്രോഫി 2025 ലൈവ് സ്കോർ:  പാകിസ്ഥാനെ അടിയോടെ പിഴുത് ഇന്ത്യ. വിരാട് കോഹ്ലിയുടെ സെഞ്ച്വറിയോടെ ഇന്ത്യ പാകിസ്ഥാനെ തകർത്തു.  രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 15 പന്തില്‍ 20 റണ്‍സ് എടുത്ത രോഹിത്തിനെ ഷഹീന്‍ അഫ്രീദിയാണ് മടക്കിയത്. പതിനേഴാം ഓവറിൽ അബ്രാർ അഹമ്മദിൻ്റെ പന്തിൽ ശുഭ്മാൻ ഗില്ലും പുറത്തായി. 52 ബോളിൽ 46 റൺസെടുത്താണ് ഗിൽ മടങ്ങിയത്. പിന്നാലെ എത്തിയ ശ്രേയസ് അയ്യരും കോഹ് ലിയും ചേര്‍ന്ന് 114 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 56 പന്തില്‍ 67 റണ്‍സ് നേടി ശ്രേയസ് പുറത്തായതോടെ കൂട്ടുകെട്ട് അവസാനിച്ചു. പിന്നാലെ വന്ന ഹാര്‍ദിക് പാണ്ഡ്യയും വന്ന വേഗത്തില്‍ തന്നെ മടങ്ങി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ 241 റണ്‍സിന് പാകിസ്ഥാന്‍ ഓള്‍ഔട്ടായി. അവസാന ഓവറില്‍ ഖുല്‍ഷിദ് ഷാ അടിച്ച പന്ത് ബൗണ്ടറിക്കു സമീപം കോഹ്ലി ക്യാച്ച് ചെയ്തു. ആദ്യ രണ്ട് വിക്കറ്റുകള്‍ക്ക് ശേഷം നായകന്‍ റിസ്വാന്റെ വിക്കറ്റാണ് മൂന്നാമതായി നഷ്ടമായത്. അര്‍ധ സെഞ്ചുറിക്ക് 4 റണ്‍സ് അകലെ നില്‍ക്കെ അക്‌സര്‍ പട്ടേലാണ് റിസ്വാനെ (46) പുറത്താക്കിയത്. പിന്നാലെ സൗദ് ഷക്കീലിനെ ഹാര്‍ദിക്കും പുറത്താക്കി.

ഹാർദിക്കിൻ്റെ പന്തിൽ ബൗണ്ടറിയിലേക്കടിച്ച പന്ത് അക്സറിൻ്റെ കരങ്ങളിൽ ഭദ്രമായി കുടുങ്ങി. പിന്നാലെയെത്തിയ രവീന്ദ്ര ജഡേജ തയ്യിബ് (4) നെയും പുറത്താക്കി. ഒരു ഓവറിൽ കുൽദീപ് രണ്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്. സൽമാൻ അലി അഗ, ഷഹീൻ അഫ്രീദി എന്നിവരുടെ വിക്കറ്റുകളാണ് കുൽദീപ് നേടിയത്. 47 ാമത്തെ ഓവറിൽ കുൽദീപിൻ്റെ പന്തിൽ നസീം ഷാ പുറത്തായി. പിന്നാലെ പന്തെറിഞ്ഞ മുഹമ്മദ് ഷമി രണ്ട് സിക്സറുകൾ വഴങ്ങിയെങ്കിലും അടുത്ത പന്തിൽ ഹാരിസ് റൗഫ് റണ്ണൗട്ടായി. 

ആദ്യ പത്തോവറിനുള്ളിൽ തന്നെ പാകിസ്ഥാന് ഓപ്പണർമാരെ ഇരുവരേയും നഷ്ടമായിരുന്നു. 26 പന്തിൽ 23 റൺസെടുത്ത ബാബർ അസമിനെ ഹാർദിക് പാണ്ഡ്യയുടെ പന്തിൽ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുൽ ക്യാച്ചെടുത്ത് പുറത്താക്കി. അഞ്ച് ബൗണ്ടറികളുമായി മികച്ച ഫോമിലായിരിക്കെയാണ് പാണ്ഡ്യ ബാബറിനെ മടക്കിയത്. പിന്നാലെ കുൽദീപ് എറിഞ്ഞ പത്താം ഓവറിലെ രണ്ടാം പന്തിൽ ഇല്ലാത്ത റണ്ണിനായി ഓടിയ ഇമാം ഉൾ ഹഖിനെ അക്സർ പട്ടേൽ നേരിട്ടുള്ള ഏറിലൂടെ റണ്ണൗട്ടാക്കി.

ടോസ് നേടിയ പാകിസ്ഥാൻ ക്യാപ്റ്റൻ മുഹമ്മദ് റി‌സ്‌വാൻ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ ഓപ്പണർമാരെ പുറത്താക്കി മികച്ച തുടക്കം ലഭിച്ച ഇന്ത്യക്ക് പിന്നീട് അത് തുടരാനിയിരുന്നില്ല. റി‌സ്‌വാൻ്റെ വിക്കറ്റ് നേടുന്നതിന് മുമ്പും ശേഷവും രണ്ട് വിലപ്പെട്ട ക്യാച്ചുകളാണ് ഇന്ത്യ നഷ്ടമാക്കിയത്. പാകിസ്ഥാന് വേണ്ടി സൗദ് ഷക്കീൽ അർധ സെഞ്ചുറി നേടി.

പാകിസ്ഥാൻ അവരുടെ പ്ലേയിംഗ് ഇലവനിൽ ഒരു മാറ്റമാണ് ഇന്ന് വരുത്തിയത്. ന്യൂസിലൻഡിനെതിരായ മാച്ചിൽ പരിക്കേറ്റ ഫഖർ സമാന് പകരം ഓപ്പണർ ഇമാം ഉൾ ഹഖ് ടീമിൽ ഇടം നേടി. അതേസമയം ബംഗ്ലാദേശിനെതിരെ കളിച്ച മത്സരത്തിലെ അതേ ടീമിനെ തന്നെ ഇന്ത്യ പാകിസ്ഥാനെതിരെയും നിലനിർത്തി.

ബംഗ്ലാദേശിനെതിരെ ബാറ്റിങ്ങിലും ബോളിങ്ങിലും നടത്തിയ മികച്ച പ്രകടനമാണ് ഇന്ത്യയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നത്. 2023 ഏകദിന ലോകകപ്പിൽ പാകിസ്ഥാനെ അനായാസം മറികടന്ന പ്രകടനം ആവർത്തിക്കാൻ ഇന്ത്യ ഇറങ്ങുമ്പോൾ 2017ൽ ഇന്ത്യയെ തകർത്ത് സ്വന്തമാക്കിയ ചാംപ്യൻസ് ട്രോഫി നിലനിർത്താനാണ് പാകിസ്ഥാൻ എത്തുന്നത്.

ഫഖര്‍ സമാന്‍ പരിക്കേറ്റ് പുറത്തായതും സൂപ്പർ താരങ്ങൾ താളം കണ്ടെത്താത്തതുമാണ് പാകിസ്ഥാനെ വലയ്ക്കുന്നത്. ഇന്ത്യ പാകിസ്ഥാൻ പോരാട്ടങ്ങൾക്ക് വീറും വാശിയും ഏറുമ്പോൾ പേപ്പറിലെ കണക്കുകള്‍ക്ക് പ്രസക്തിയില്ല.

SCROLL FOR NEXT