NEWSROOM

സഞ്ജു- തിലക് 'ഷോ'; ഇരു താരങ്ങള്‍ക്കും സെഞ്ചുറി, ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ കൂറ്റന്‍ സ്കോർ പടുത്തുയർത്തി ഇന്ത്യ

രണ്ടുപേരുടെയും കൂട്ടുകെട്ട് ഇരട്ട സെഞ്ചുറിയും കടന്നതോടെ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സ് എന്ന കൂറ്റന്‍ സ്കോറിലെത്തി

Author : ന്യൂസ് ഡെസ്ക്

കഴിഞ്ഞ രണ്ടു മത്സരങ്ങളിലേയും നിറം മങ്ങിയ പ്രകടനങ്ങള്‍ക്ക് പതിവ് രീതിയില്‍ സെഞ്ചുറികൊണ്ട് മറുപടി നല്‍കി സഞ്ജു സാംസണ്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാമത്തെയും അവസാനത്തെയും ടി20 മത്സരത്തില്‍ ഇത്തവണ സഞ്ജുവിന് ഒത്തൊരു പാർട്ണറെയും കിട്ടി- തിലക് വർമ. ഫലമോ ഇരുവർക്കും വ്യക്തിഗത സെഞ്ചുറികള്‍.  രണ്ടുപേരുടെയും കൂട്ടുകെട്ട് ഇരട്ട സെഞ്ചുറിയും കടന്നതോടെ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സ് എന്ന കൂറ്റന്‍ സ്കോറിലുമെത്തി. 

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച തുടക്കമാണ് സഞ്ജുവും അഭിഷേക് ശർമയും നല്‍കിയത്. എന്നാല്‍ 18 പന്തില്‍ 36 റണ്‍സെടുത്തു നില്‍കെ ലുത്തോ സിപംലയുടെ പന്തില്‍ ഹെയ്‌ന്‍‌റിച്ച് ക്ലാസ്സന് ക്യാച്ച് നല്‍കി അഭിഷേക് വർമ മടങ്ങി. പിന്നാലെ വന്ന തിലക് വർമ കഴിഞ്ഞ കളിയില്‍ നിർത്തിയിടത്തു നിന്നും തുടങ്ങുകയായിരുന്നു, വീണ്ടും ഒരു സെഞ്ചുറി.

28 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ച സഞ്ജു സെഞ്ചുറിയിലെത്തിയത് മിന്നല്‍ വേഗത്തിലാണ്. 56 പന്തില്‍ ഒന്‍പത് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 109 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്. 194.64 ആയിരുന്നു പുറത്താകുമ്പോള്‍ ഈ വിക്കറ്റ് കീപ്പർ ബാറ്റസ്മാന്‍റെ സ്‌ട്രൈക്ക് റേറ്റ്.

കരുതലോടയായിരുന്നു സഞ്ജുവിന്‍റെ തുടക്കം. യാന്‍സന്‍റെ പന്തുകളെ സഞ്ജു സൂക്ഷ്മതയോടെയാണ് നേരിട്ടത്. എന്നാല്‍ ജെറാള്‍ഡ് കോട്‌സിയെറിഞ്ഞ രണ്ടാം ഓവറില്‍ സഞ്ജു തന്‍റെ ആക്രമണം ആരംഭിച്ചു. പിന്നീട് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പന്ത് തൊട്ടവരൊക്കെ സഞ്ജുവിന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞു.

മറു വശത്ത് റെക്കോർഡിലും സെഞ്ചുറിയിലും സഞ്ജുവിനു പിന്നാലെ തിലക് വർമയുമുണ്ടായിരുന്നു. 47 പന്തില്‍നിന്നാണ് തിലക് വര്‍മ 120 റണ്‍സ് പടുത്തുയർത്തിയത്. ഇതില്‍ പത്ത് സിക്‌സും ഒന്‍പത് ഫോറും ഉള്‍പ്പെടുന്നു. 210 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന്  അടിച്ചുകൂട്ടിയത് .

Also Read: ലക്ഷ്യം പരമ്പര; ഇന്ത്യ- ദക്ഷിണാഫ്രിക്ക നാലാം ട്വന്റി -20 മത്സരം ഇന്ന്, ജയം ലക്ഷ്യമിട്ട് ഇരു ടീമുകളും

സഞ്ജുവിന്‍റെയും തിലകിന്‍റെയും ബാറ്റിങ് വെടിക്കെട്ടിന് മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ ബോളർമാർ ശരിക്കും തോല്‍വി സമ്മതിച്ചു. നാലോവറില്‍ 58 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്ത ലുതോ സിപംലയെ ഇരു ബാറ്റർമാരും കണക്കിനു പ്രഹരിച്ചു. യാന്‍സന്‍, കോട്‌സി, സിമിലനെ തുടങ്ങിയവരെല്ലാം തികഞ്ഞ പരാജയമായിരുന്നു. ക്യാപ്റ്റന്‍ മാര്‍ക്രം രണ്ടോവറില്‍ 30 റണ്‍സ് വഴങ്ങി. 23 സിക്‌സുകളുടെ അകമ്പടിയോടെയാണ് സഞ്ജുവും തിലക് വര്‍മയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 210 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയത്. തിലകിന്റെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണിത്. ഇതോടെ സഞ്ജുവിനു ശേഷം തുടർച്ചയായി രണ്ട് ഇന്നിംഗ്സുകളില്‍ സെഞ്ചുറി നേടുന്ന താരവുമായി തിലക് വർമ.

ഇന്ത്യയുടെ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന ടി20 സ്‌കോറാണ് ഇന്ന് പിറന്നത്. ഒന്നാമത്തെ ഉയർന്ന സ്കോറും ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരേയായിരുന്നു. ഈ രണ്ട് മത്സരങ്ങളിലും സഞ്ജു സെഞ്ചുറി നേടിയിരുന്നു. ടി20 ചരിത്രത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ മൂന്ന് സെഞ്ചുറി നേടുന്ന ആദ്യ താരമാണ് സഞ്ജു സാംസണ്‍.

SCROLL FOR NEXT