NEWSROOM

മികച്ച ഫോമിൽ രോഹിത്, പിന്തുണച്ച് മധ്യനിര; ഇംഗ്ലണ്ടിനെ തകർത്ത് ഏകദിന പരമ്പര നേടി ഇന്ത്യ

90 പന്തില്‍ 119 റണ്‍സാണ് രോഹിത് നേടിയത്. ഇതില്‍ ഏഴ് സിക്‌സും 12 ഫോറും ഉള്‍പ്പെടും. ഏകദിനത്തില്‍ തന്റെ 32 -ാം സെഞ്ചുറിയാണ് രോഹിത് നേടിയത്.വിമര്‍ശനകര്‍ക്കുള്ള മറുപടിയാണ് രോഹിത് കട്ടക്കില്‍ നല്‍കിയതെന്നും ആരാധകർ പറയുന്നു.

Author : ന്യൂസ് ഡെസ്ക്

ഇംഗ്ലണ്ടിന് എതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. നാല് വിക്കറ്റിനാണ് കട്ടക്കിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. 305 റണ്‍സ് വിജയ ലക്ഷ്യമാണ് ഇംഗ്ലണ്ട് നൽകിയത്. ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ട് (69), ബെന്‍ ഡക്കറ്റ് (65), ലിയാം ലിവിംസ്റ്റണ്‍ (41) എന്നിവരാണ് സ്കോർ ഉയർത്തിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 44 . 3 ഓവറില്‍ ആറ് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 119 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഇന്നിംഗ്‌സാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ശുഭ്മാന്‍ ഗില്‍  (60), ശ്രേയസ് അയ്യര്‍  (44), അക്‌സര്‍ പട്ടേല്‍ ( 41) മികച്ച പ്രകടനം കാഴ്ച വച്ചു .

ഗംഭീര തുടക്കമാണ് രോഹിത് - ഗില്‍ സഖ്യം ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 136 റണ്‍സ് ചേര്‍ത്തു. ഐസിസി ചാംപ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ഫോമിലേക്ക് തിരിച്ച് എത്തിയിരിക്കുയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നാണ് ഇന്നത്തെ പ്രകടനം തെളിയിക്കുന്നത്. 90 പന്തില്‍ 119 റണ്‍സാണ് രോഹിത് നേടിയത്. ഇതില്‍ ഏഴ് സിക്‌സും 12 ഫോറും ഉള്‍പ്പെടും. ഏകദിനത്തില്‍ തന്റെ 32 -ാം സെഞ്ചുറിയാണ് രോഹിത് നേടിയത്.വിമര്‍ശനകര്‍ക്കുള്ള മറുപടിയാണ് രോഹിത് കട്ടക്കില്‍ നല്‍കിയതെന്നും ആരാധകർ പറയുന്നു. 

Also Read; വൈറലായ 'നോ ലുക്ക് സിക്സർ' കണ്ടോ? ഇത് കുങ്ഫു പാണ്ഡ്യയുടെ തനി സ്റ്റൈൽ | VIDEO

17 -ാം ഓവറിലാണ് ഇംഗ്ലണ്ടിന് കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചത്. ജാമി ഓവലര്‍ടണിന്റെ പന്തില്‍ ഗില്‍ പുറത്താവുകയായിരുന്നു. ക്രീസിലെത്തിയ വിരാട് കോലി നിരാശപ്പെടുത്തി. ആദില്‍ റഷീദിന്റെ പന്തിലാണ് കോലി ഔട്ടായത്.  പിന്നീട് രോഹിത് പുറത്തായതോടെ മൂന്നിന് 220 എന്ന നിലയിലായി ഇന്ത്യ. തുടര്‍ന്ന് ശ്രേയസ് - അക്‌സര്‍ പട്ടേല്‍ സഖ്യമാണ് 38 റണ്‍സ് കൂട്ടിചേര്‍ത്തത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ശ്രേയസ് റണ്ണൗട്ടായി.

തുടര്‍ന്നെത്തിയെ കെ എല്‍ രാഹുലും ഹാര്‍ദിക് പാണ്ഡ്യയും 10 റണ്‍സ് വീതമെടുത്ത് പുറത്താവുകയായിരുന്നു. ചെറിയൊരു ആശങ്കയ്ക്കു വഴിയൊരുങ്ങിയെങ്കിലും ഇന്ത്യ പതാറാതെ മുന്നോട്ട് കുതിച്ചു.  രവീന്ദ്ര ജഡേജയ്‌ക്കൊപ്പം (11)  അക്‌സര്‍ കൂടിച്ചേർന്ന്  ഇന്ത്യയെ പ്രതീക്ഷിച്ചതിലും വേഗം തന്നെ  വിജയത്തിലേക്ക് നയിച്ചു. 


SCROLL FOR NEXT