ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന, ശങ്കര്‍-കമല്‍ഹാസന്‍ ടീമിന്റെ ഇന്ത്യൻ 2വിന്റെ ട്രെയ്ലർ റിലീസ് ചെയ്തു. രണ്ട് മിനുറ്റ് 36 സെക്കന്‍ഡ് ദൈർഘ്യമുള്ള ട്രെയ്ലര്‍ കിടിലൻ വിഷ്വൽ ട്രീറ്റ്മെന്റാണ് ഒരുക്കിയിരിക്കുന്നത്. വേറിട്ട ഗെറ്റപ്പിലും ആക്ഷന്‍ രംഗങ്ങളിലുമായി കമല്‍ ഹാസന്റെ സേനാപതിയെ കാണാം. ആദ്യഭാഗത്തേക്കാള്‍ കരുത്തനായാണ് സേനാപതിയുടെ വരവ്. ആദ്യ ഭാഗത്തിലുണ്ടായിരുന്ന നടന്‍ നെടുമുടി വേണുവിനെയും ട്രെയ്ലറില്‍ കാണാം. നെടുമുടി വേണു അവതരിപ്പിച്ച കൃഷ്ണസ്വാമി എന്ന സിബിഐ ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെ എഐ സാങ്കേതികവിദ്യയോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. താരത്തിന് മറ്റൊരാളാണ് ശബ്ദം പകര്‍ന്നിരിക്കുന്നത്. ജൂലൈ 12-നാണ് ചിത്രത്തിന്റെ റിലീസ്.
സുബാസ്കരന്‍ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷന്‍സും കമല്‍ ഹാസന്‍റെ രാജ്‍കമല്‍ ഫിലിംസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കാജല്‍ അഗര്‍വാളാണ് നായികയായെത്തുന്നത്. മറ്റൊരു സുപ്രധാന വേഷത്തില്‍ നടൻ സിദ്ധാര്‍ഥുമുണ്ട്. എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദൻ, ബോബി സിൻഹ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ചിത്രത്തിന്റെ ഛായാഗ്രഹണം രവി വര്‍മ്മയും സംഗീതം അനിരുദ്ധ് രവിചന്ദറുമാണ്. ചിത്രത്തിലെ മുഴുവന്‍ ഗാനങ്ങളും നേരത്തെ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. താത്ത വരാര്‍ അടക്കമുള്ള ഗാനങ്ങള്‍ ഇതിനകം ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചു കഴിഞ്ഞു. കമല്‍ഹാസൻ നായകനായി 1996ല്‍ പ്രദര്‍ശനത്തിനെത്തിയ 'ഇന്ത്യൻ വൻ ഹിറ്റായിരുന്നു. ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ തിളങ്ങിയ കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും, തമിഴ്നാട് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും ലഭിച്ചിരുന്നു. ഇതിന്‍റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2.