NEWSROOM

ഹൈടെക്ക് യുദ്ധകപ്പലുകളും ടാങ്കുകളും വരുന്നു ; ഒരു ലക്ഷം കോടി രൂപയുടെ വമ്പൻ പ്രോജക്ട് അവതരിപ്പിച്ച് ഇന്ത്യൻ സേന

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിൻ്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പദ്ധതിക്ക് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സേനാ വൃത്തങ്ങൾ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

ഒരു ലക്ഷം കോടി രൂപയുടെ വമ്പൻ പ്രതിരോധ പദ്ധതികൾ അവതരിപ്പിച്ച് ഇന്ത്യൻ കരസേനയും നാവിക സേനയും. ഇന്ത്യൻ നാവികസേനക്കായുള്ള ഏഴ് പുതിയ യുദ്ധകപ്പലുകളുടെ നിർമാണം, ഫ്യൂച്ചർ റെഡി കോംബാറ്റ് വെഹിക്കിൾസ്(എഫ്ആർസിവി) ഉൾപ്പെടെയുള്ള പദ്ധതികളാണ് പ്രതിരോധ മന്ത്രാലയം ഏറ്റെടുക്കാനൊരുങ്ങുന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിൻ്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പദ്ധതിക്ക് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സേനാവൃത്തങ്ങൾ പറഞ്ഞു. കരസേനയെ നവീകരിക്കാനുള്ള പദ്ധതികളും യോഗത്തിൽ ചർച്ച ചെയ്യും.

ഇന്ത്യയിൽ ഇതുവരെ നിർമിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും നൂതനമായ യുദ്ധകപ്പലുകളാണ് പ്രൊജക്ട് 17 ബ്രാവോ പദ്ധതിക്ക് കീഴിൽ പുതിയതായി വരുന്നത്. ഇതിനായി ഏകദേശം 70,000 കോടി രൂപയാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. റഷ്യൻ നിർമിതമായ ടി-72 ടാങ്കുകൾക്ക് പകരം 1700 എഫ്ആർസിവികൾ സ്ഥാപിക്കാനുള്ള ഇന്ത്യൻ സൈന്യത്തിൻ്റെ നിർദേശവും യോഗം ചർച്ച ചെയ്യും.

'മെയ്ക്ക് ഇൻ ഇന്ത്യ' സംരംഭത്തിന് കീഴിൽ ഇന്ത്യൻ കപ്പൽശാലകൾക്ക് ഏകദേശം 70,000 കോടി രൂപയുടെ ടെൻഡറുകൾ നൽകാൻ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അനുമതി നൽകുമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. പദ്ധതി ത്വരിതപ്പെടുത്തുന്നതിനും കാലതാമസം തടയുന്നതിനുമായി ടെൻഡർ രണ്ട് കപ്പൽശാലകൾക്കായി വിഭജിച്ചു നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ പദ്ധതിക്ക് അനുമതി ലഭിച്ചശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.


ഓരോ ഘട്ടത്തിലും ഏകദേശം 600 ടാങ്കുകൾ നിർമിച്ച് ഘട്ടം ഘട്ടമായി എഫ്ആർസിവി പദ്ധതി പൂർത്തിയാക്കാനാണ് ഇന്ത്യൻ സൈന്യം ലക്ഷ്യമിടുന്നത്. കൂടാതെ, ഉന്നതതല യോഗത്തിൽ 100 ​​ബിഎംപി, 2 ഇൻഫൻട്രി കോംബാറ്റ് വാഹനങ്ങൾ എന്നിവ ഏറ്റെടുക്കാനുള്ള നിർദേശവും സൈന്യം മുന്നോട്ട് വയ്ക്കുമെന്നാണ് റിപ്പോർട്ട്. സേനയുടെ കരസേന റെജിമെൻ്റുകളെ നവീകരിക്കാൻ ലക്ഷ്യമിട്ടുള്ള എഫ്ആർസിവി പദ്ധതിക്ക് 50,000 കോടി രൂപയിലധികം ചെലവ് വരാനാണ് സാധ്യത.

SCROLL FOR NEXT