NEWSROOM

രാജ്യത്ത് ഭാരതീയ ന്യായ് സംഹിത നടപ്പിലായി; ആദ്യ കേസ് രജിസ്റ്റർ ചെയ്ത് ഡല്‍ഹി പൊലീസ്

പൊതുഗതാഗതം തടസപ്പെടുത്തും വിധം നടപ്പാതയിലേക്ക് കയറി കച്ചവടം നടത്തിയതാണ് കേസിന് കാരണമായത്

Author : ന്യൂസ് ഡെസ്ക്

രാജ്യത്ത് നിലവിൽ വന്ന പുതിയ ക്രിമിനൽ നിയമമായ ഭാരതീയ ന്യായ് സംഹിത പ്രകാരം ആദ്യ കേസ് രജിസ്റ്റർ ചെയ്തു. കമല മാർക്കറ്റ് പ്രദേശത്തെ ഒരു തെരുവോര കച്ചവടക്കാരനെതിരെയാണ് ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബിഹാറിലെ പട്ന സ്വദേശിയായ പങ്കജ് കുമാറിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പൊതുഗതാഗതം തടസപ്പെടുത്തും വിധം നടപ്പാതയിലേക്ക് കയറി കച്ചവടം നടത്തിയതാണ് കേസിന് കാരണമായത്. കേസ് പ്രകാരം 5000 രൂപ വരെ പിഴ അടക്കേണ്ടി വരും. നടപ്പാതയിൽ നിന്ന് കച്ചവട വസ്തുക്കളെല്ലാം നീക്കം ചെയ്ത ശേഷം പുലർച്ചെ 1.30നാണ് ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ന്യൂഡൽഹി റെയിൽവേ സ്റ്റേഷന് സമീപമുള്ള ഫുട്ട് ഓവർ ബ്രിഡ്ജിന് സമീപമാണ് കച്ചവടം നടത്തിയിരുന്നത്. വെള്ളവും ബീഡിയും സിഗരറ്റുമായി വഴിയോര യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലായിരുന്നു കച്ചവടം നടത്തിയിരുന്നത്. തുടർന്ന് റോഡിൽ നിന്ന് സ്റ്റാൾ മാറ്റാൻ സബ് ഇൻസ്‌പെക്ടർ പ്രതിയോട് പലതവണ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. പിന്നാലെ സബ് ഇൻസ്പെക്ടർ വീഡിയോ ചിത്രീകരിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.

164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടിച്ചട്ടം, ഇന്ത്യൻ തെളിവു നിയമം എന്നിവയ്ക്ക് പകരം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നീ നിയമങ്ങളാണ് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നത്. പുതിയ നിയമത്തിൽ രാജ്യദ്രോഹത്തിനുള്ള 124 എ ഇനി 150 ആകും. വകുപ്പ് 113ലാണ് ഭീകര പ്രവർത്തനം ഉൾപ്പെടുക. സംഘടിത കുറ്റകൃത്യം 111ലും. രണ്ടിനും ഐപിസിയിൽ വകുപ്പുകൾ ഉണ്ടായിരുന്നില്ല. സ്വവർഗ അനുരാഗം കുറ്റമാക്കുന്ന 377 ഒഴിവാക്കി. കൊലക്കുറ്റത്തിനുള്ള ഐപിസി 302 പുതിയതിൽ 103 ആം വകുപ്പാണ്. പിടിച്ചു പറിക്കുള്ളതാണ് ഇനി 302 ആം വകുപ്പ്. ഗൂഢാലോചനയ്ക്കുള്ള 120 ബി ഇനി 60 (1) ആകും. നിയമവിരുദ്ധ സംഘം ചേരലിന് 144ന് പകരം 187 ആയിരിക്കും. 420 നിലവിൽ വഞ്ചന കുറ്റമാണ്. ഈ നമ്പരിൽ മറ്റു വകുപ്പ് പുതുതായി ഇല്ല.

316 വകുപ്പിലാണ് തട്ടിപ്പ് കൈകാര്യം ചെയ്യുന്നത്. കൈക്കൂലി 171 ബി യിൽ നിന്ന് 170 , സ്ത്രീധനപീഡനം 304 ബി യിൽ നിന്ന് 80 , ബലാൽസംഗം 375ൽ നിന്ന് 63, മോഷണക്കുറ്റം 378ൽ നിന്ന് 303, വിശ്വാസവഞ്ചന 405ൽ നിന്ന് 316 എന്നിങ്ങനെ മാറും. 90 ദിവസത്തിനുള്ളിൽ നിർബന്ധമായും കുറ്റപത്രം സമർപ്പിക്കണമെന്നാണ് പുതിയ നിയമത്തിൽ പറയുന്നത്

SCROLL FOR NEXT