NEWSROOM

ഇസ്രയേലിലെ ഇന്ത്യന്‍ പൗരർക്ക് ജാഗ്രതാ നിർദേശം നല്‍കി ഇന്ത്യന്‍ എംബസി; 24x7 ഹെല്‍പ്‍ലൈന്‍ നമ്പർ ആരംഭിച്ചു

പ്രാദേശിക അധികൃതരുടെ സുരക്ഷ പ്രോട്ടോക്കോളുകള്‍ പാലിക്കാനാണ് നിർദേശം

Author : ന്യൂസ് ഡെസ്ക്

ഇസ്രയേലിലെ ഇന്ത്യന്‍ പൗരർക്ക് ജാഗ്രത നിർദേശം നല്‍കി ഇന്ത്യന്‍ എംബസി. പ്രാദേശിക അധികൃതരുടെ സുരക്ഷ പ്രോട്ടോക്കോളുകള്‍ പാലിക്കാനാണ് നിർദേശം. രാജ്യത്തിനകത്തുള്ള ആവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും ഷെല്‍റ്ററുകളോട് ചേർന്ന് നില്‍ക്കണമെന്നും അറിയിപ്പില്‍ പറയുന്നു. ഇറാന്‍ ഇസ്രയേലിലേക്ക് മിസൈലുകള്‍ തൊടുത്തതിന് പിന്നാലെയാണ് നടപടി.

അടിയന്താരവസ്ഥയില്‍ ബന്ധപ്പെടാനായി ഇന്ത്യന്‍ എംബസി 24x7 ഹെല്‍പ്‍ലൈന്‍ നമ്പർ ആരംഭിച്ചിട്ടുണ്ട്. എംബസിയില്‍ രജിസ്റ്റർ ചെയ്യാത്ത ഇന്ത്യന്‍ പൗരർ എത്രയും വേഗം സൈറ്റ് വഴി രജിസ്‌ട്രേഷന്‍ പൂർത്തിയാക്കാനും നിർദേശമുണ്ട്.


ഹെല്‍പ്‌ലൈന്‍ ടെലിഫോണ്‍:


1. +972-547520711
2. +972-543278392
ഇമേയില്‍ വിലാസം :cons1.telaviv@mea.gov.in

ഇസ്രയേൽ, അധിനിവേശ വെസ്റ്റ് ബാങ്ക്, ഗാസ എന്നിവിടങ്ങളിലെ എല്ലാ യുഎസ് സർക്കാർ ജീവനക്കാരോടും അവരുടെ കുടുംബാംഗങ്ങളോടും കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ സുരക്ഷിതയിടങ്ങളില്‍ അഭയം പ്രാപിക്കാൻ ഇസ്രയേലിലെ യുഎസ് എംബസിയും നിർദ്ദേശിച്ചു.

ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്റള്ളയുടെ കൊലപാതകത്തില്‍ ഇറാന്‍റെ ഭാഗത്തുനിന്നും വലിയ തോതില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രയേല്‍ പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ ജനങ്ങളോട് സുരക്ഷിതമായി ബങ്കറുകളിലേക്ക് മാറാന്‍ നിർദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് 200ല്‍ അധികം മിസൈലുകള്‍ ഇറാന്‍ ഇസ്രയേലിലേക്ക് വർഷിച്ചത്. ആക്രമണത്തില്‍ ആളപായമുണ്ടോയെന്ന വിവരം പുറത്തുവന്നിട്ടില്ല. ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ കടുത്ത വ്യോമാക്രമണത്തിലാണ് ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്റള്ള കൊല്ലപ്പെട്ടത്. നസ്റള്ളയുടെ കൊലപാതകത്തിനു പ്രതികാരം ചെയ്യാതെ പിന്നോട്ടില്ലെന്നായിരുന്നു ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഭീഷണി.

SCROLL FOR NEXT