NEWSROOM

ഇന്ത്യക്കാർ അനാവശ്യ യാത്രകൾ ഒഴിവാക്കണം; ബംഗ്ലാദേശിൽ മുന്നറിയിപ്പുമായി ഇന്ത്യൻ ഹൈക്കമ്മീഷൻ

24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തര ഹെൽപ് ലൈൻ നമ്പറുകൾ പങ്കുവച്ചിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

ബംഗ്ലാദേശിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ. രാജ്യത്ത് സംവരണ വിരുദ്ധ സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാരും വിദ്യാർഥികളും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഹൈക്കമ്മീഷൻ അടിയന്തര നിർദേശം നൽകി. രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ സർവ്വകലാശാലകളും അടച്ചിടാനുള്ള ബംഗ്ലാദേശ് സർക്കാരിൻ്റെ തീരുമാനത്തെത്തുടർന്ന് ധാക്കയിൽ വിദ്യാർത്ഥികളും പോലീസും തമ്മിലുണ്ടായ സംഘർഷം കണക്കിലെടുത്താണ് മുന്നറിയിപ്പ്.

രാജ്യത്തെ സിവിൽ സർവീസ് ജോലികൾക്കായുള്ള ക്വാട്ട സമ്പ്രദായത്തിൽ 1971-ലെ പാക്കിസ്ഥാനെതിരായ സ്വാതന്ത്ര്യയുദ്ധത്തിൽ പങ്കെടുത്തവരുൾപ്പടെയുള്ള പ്രത്യേക വിഭാഗങ്ങൾക്ക് സംവരണം നൽകുന്നത് പരിഷ്കരിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ബഗ്ലാദേശിൽ പ്രതിഷേധം നടക്കുന്നത്. ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നത്. സംഘർഷങ്ങൾ അടിച്ചമർത്താനായി വെടിവെയ്പ്പടക്കമുള്ള മാർഗങ്ങളാണ് പൊലീസ് സ്വീകരിക്കുന്നത്. നിലവിൽ പൊലീസുമായുള്ള സംഘർഷത്തിൽ ആറ് പേർ മരിക്കുകയും, നൂറുക്കണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനും ഉത്തരവിട്ടുണ്ട്.

സംഘർഷാവസ്ഥ കണക്കിലെടുത്ത് ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനെ കൂടാതെ ചിറ്റഗോംഗ്, സിൽഹെറ്റ്, ഖുൽന എന്നിവിടങ്ങളിലെ ഇന്ത്യൻ അസിസ്റ്റൻ്റ് ഹൈക്കമ്മീഷനുകളും സഹായം ആവശ്യമുള്ള ഇന്ത്യൻ പൗരന്മാർക്കും വിദ്യാർത്ഥികൾക്കുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തര ഹെൽപ് ലൈൻ നമ്പറുകൾ പങ്കുവച്ചിട്ടുണ്ട്.

SCROLL FOR NEXT