അത്യാധുനിക പീരങ്കി തോക്കുകൾ നിർമിക്കാൻ 7,629 കോടിയുടെ കരാർ ഒപ്പിട്ട് കേന്ദ്ര പ്രതിരോധ മന്ത്രാലയം. സ്വയം പ്രവർത്തിക്കുന്ന കെ9 വജ്ര-ടി ട്രാക്ക്ഡ് പീരങ്കി തോക്കുകളാണ് സൈന്യത്തിനായി എത്തിക്കുന്നത്. പുതിയ പീരങ്കികൾ അതിർത്തി പ്രതിരോധത്തിന് കൂടുതൽ ശക്തി പകരുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ലാർസൻ ആൻഡ് ടൂബ്രോ കമ്പനിയുമായാണ് പ്രതിരോധ മന്ത്രാലയം പുതിയ കരാർ ഒപ്പിട്ടിരിക്കുന്നത്.
ഡൽഹി സൗത്ത് ബ്ലോക്കിൽ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങിൻ്റെ സാന്നിധ്യത്തിൽ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും എൽ ആൻഡ് ടി പ്രതിനിധികളുമാണ് കരാർ ഒപ്പിട്ടത്. ദീർഘദൂരത്തേക്ക് കൃത്യതയോടെ വെടിയുതിർക്കാൻ സഹായിക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യയിൽ നിർമിച്ചിരിക്കുന്ന പീരങ്കി തോക്കുകളാണ് കെ9 വജ്ര-ടി. ഇതിന് പൂജ്യത്തിന് താഴെ താപനിലയുള്ള പ്രദേശങ്ങളിലും പൂർണ ശേഷിയോടെ പ്രവർത്തിക്കാൻ കഴിയും.
ALSO READ: ഇന്ദിരാഗാന്ധിക്ക് ശേഷം മോദി; 43 വര്‍ഷത്തിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ കുവൈറ്റ് സന്ദർശനം
നാല് വർഷത്തിനുള്ളിൽ ഒമ്പത് ലക്ഷത്തിലധികം തൊഴിൽ അവസരങ്ങൾ ഈ പ്രതിരോധ സാമഗ്രികളുടെ നിർമാണം വഴി സൃഷ്ടിക്കാനാകുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ദക്ഷിണ കൊറിയൻ പ്രതിരോധ കമ്പനിയായ ഹൻവാ ഡിഫൻസിൻ്റെ സാങ്കേതിക സഹായത്തോടെയാണ് കെ9 വജ്ര നിർമിക്കുന്നത്. ഇതിനുപുറമേ രണ്ട് ബാച്ചുകളിലായി 200 തോക്കുകൾ കൂടി വാങ്ങാനും സൈന്യത്തിന് പദ്ധതിയുണ്ട്.