NEWSROOM

ഷിരൂർ ദൗത്യം: പുഴയിൽ നിന്നും ലോഹഭാഗങ്ങൾ കണ്ടെത്തി, അർജുൻ്റെ ലോറിയുടേതല്ല, തകർന്ന ട്രക്കിൻ്റെ ഭാഗങ്ങളാകാൻ സാധ്യതയെന്ന് ഇന്ത്യൻ നേവി

ഉപഗ്രഹചിത്രത്തിലെ 1,2 പോയിൻ്റുകൾക്കിടയിൽ പരിശോധന നടത്തുന്നുണ്ടെന്നും നേവി അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

ഷിരൂർ ദൗത്യത്തിൻ്റെ തെരച്ചിലിൽ പുഴയിൽ നിന്നും ലോഹഭാഗങ്ങൾ കണ്ടെത്തി. നാവികസേന പുഴയുടെ മൂന്നിടങ്ങളിൽ ഇറങ്ങിയാണ് പ്രധാനമായും തെരച്ചിൽ നടത്തിയത്.  ലോഹഭാഗങ്ങൾ അർജുൻ്റെ ലോറിയുടേതല്ലെന്നും,  തകർന്ന ട്രക്കിൻ്റെ ഭാഗങ്ങളാകാൻ സാധ്യതയുണ്ടെന്ന്  ഇന്ത്യൻ നേവി അറിയിച്ചു. തെരച്ചിലിൻ്റെ ഭാഗമായുള്ള ഉപഗ്രഹ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. ഉപഗ്രഹചിത്രത്തിലെ 1,2 പോയിൻ്റുകൾക്കിടയിൽ പരിശോധന നടത്തുന്നുണ്ടെന്നും നേവി അറിയിച്ചു. സ്ഥലത്ത് തെരച്ചിൽ പുരോഗമിക്കുകയാണ്.

എന്നാൽ  ലോഹഭാഗങ്ങൾ അർജുൻ്റെ ലോറിയുടേതല്ലെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. പക്ഷെ തെരച്ചിലിൻ്റെ ഭാഗമായി കിട്ടിയ  കയർ മരത്തടി കെട്ടാനുപയോഗിച്ച കയറാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. നിർണായക വിവരമാണ് ലഭ്യമാകുന്നത്. രണ്ടോ മൂന്നോ തവണ പെയിൻ്റ് ചെയ്ത ലോഹഭാഗമാണ് തെരച്ചിലിൽ കണ്ടെത്തിയത്. അർജുൻ്റെ വാഹനം പുതിയതാണെന്നും ആയതിനാൽ പെയിൻ്റ് ചെയ്യേണ്ട സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ലെന്നും മനാഫ് വ്യക്തമാക്കി. ഇന്നലെ  വാഹനത്തിൻ്റെ ജാക്കി ലഭിച്ചതിൻ്റെ  സമീപ പ്രദേശത്ത് നിന്നു തന്നെയാണ് ഇപ്പോൾ കയറടക്കമുള്ളവ ലഭിച്ചിട്ടുള്ളത്. ഗംഗാവലി പുഴയിലെ ആഴത്തിലുള്ള തെരച്ചിൽ ദുഷ്‌കരമാണെന്നും ഡ്രഡ്ജർ സംവിധാനം എത്തിച്ചാൽ മാത്രമേ തെരച്ചിൽ കൂടുതൽ സുഗമമാക്കാൻ സാധിക്കുകയുള്ളുവെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു.

കാലാവസ്ഥ അനുകൂലമായതിനെ തുടർന്ന് ഇന്നലെയാണ് ഷിരൂരിൽ തെരച്ചിൽ പുനരാരംഭിച്ചത്. ഗംഗാവലി പുഴയില്‍ ഇറങ്ങി നടത്തിയ പരിശോധനയില്‍ ലോറിയുടേതെന്ന് സംശയിക്കുന്ന ലോഹ ഭാഗം കണ്ടെത്തിയിരുന്നു. ലോറിയില്‍ ഉപയോഗിക്കുന്ന ജാക്കിയാണ് കണ്ടെത്തിയതെന്നും ഇത് അര്‍ജുൻ ഉപയോഗിച്ചിരുന്ന ലോറിയുടേത് തന്നെയാണെന്നും ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചിരുന്നു. ഗംഗാവലി പുഴയിൽ ഒഴുക്ക് കുറഞ്ഞത് തെരച്ചിലിന് അനുകൂല ഘടകമായി മാറി. തെരച്ചിൽ തുടരുമെന്ന് കർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ൽ അറിയിച്ചിരുന്നു. ഈശ്വർ മാൽപെയും സംഘത്തിൻ്റെ കൂടെ തെരച്ചിലിനിറങ്ങി.


SCROLL FOR NEXT