NEWSROOM

ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിലും ഇനി വലിയ മാറ്റങ്ങൾ; പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കും

കിൻ്റർഗാർട്ടൻ നിലവിലുള്ള രണ്ട് വർഷ ഘടനയിൽ നിന്ന് മൂന്ന് വർഷമാകും.മൂന്ന് മുതൽ ആറ് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് മൂന്ന് വർഷത്തെ കിന്റർഗാർട്ടൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ആറ് മുതൽ എട്ട് വയസ്സുവരെയുള്ള കുട്ടികൾ ഒന്ന്, രണ്ട് ക്ലാസുകളിൽ ഉൾപ്പെടും

Author : ന്യൂസ് ഡെസ്ക്

ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ ഇനി ഏറെ മാറ്റങ്ങൾ ഉണ്ടാകും. ഇന്ത്യൻ സ്‌കൂൾ ഒമാന്‍റെ ഡയറക്ടർ ബോർഡ് തീരുമാനിച്ച പ്രകാരം ഒമാനിലെ എല്ലാ ഇന്ത്യൻ സ്‌കൂളുകളിലും ഇന്ത്യയുടെ പുതിയ ദേശീയ വിദ്യാഭ്യാസ നയം എൻ ഇ പി (NEP) നടപ്പിലാക്കുന്നതായിരിക്കും. പുതിയ നയം അനുസരിച്ച് വിവിധ ക്ലാസുകളുടെ വിഭാഗങ്ങളിലായിരിക്കും പ്രധാന മാറ്റം.

കിൻ്റർഗാർട്ടൻ നിലവിലുള്ള രണ്ട് വർഷ ഘടനയിൽ നിന്ന് മൂന്ന് വർഷമാകും.മൂന്ന് മുതൽ ആറ് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് മൂന്ന് വർഷത്തെ കിന്റർഗാർട്ടൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ആറ് മുതൽ എട്ട് വയസ്സുവരെയുള്ള കുട്ടികൾ ഒന്ന്, രണ്ട് ക്ലാസുകളിൽ ഉൾപ്പെടും. പ്രിപ്പറേറ്ററി സ്‌റ്റേജിൽ എട്ട് മുതൽ 11 വയസ്സുവരെയുള്ള വിദ്യാർത്ഥികൾക്ക് മൂന്ന് മുതൽ അഞ്ച് വരെ ക്ലാസുകളും 11 മുതൽ 14 വയസ്സുവരെയുള്ള മിഡിൽ സ്‌റ്റേജിൽ ആറ് മുതൽ എട്ടുവരെ ക്ലാസുകളും 14 മുതൽ 18 വയസ്സുവരെയുള്ള ഒമ്പത് മുതൽ 12 വരെയുള്ള ക്ലാസുകളിൽ സെക്കൻഡറി ഘട്ടവും ഉൾപ്പെടും.


2025-2026 അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന എൻ ഇ പിയുടെ ഭാഗമായി ഒമാനിലെ ഇന്ത്യൻ സ്‌കൂളുകിൽ 'ബാൽവതിക' (പ്രീസ്‌കൂൾ) എപ്രിൽ ഒന്ന് മുതൽ നടപ്പിലാക്കും. പുതിയ അധ്യായന വർഷത്തേക്കുള്ള അഡ്മിഷനുകൾ ചുവടെയുള്ള പ്രകാരം 2025 മാർച്ച് 31 വരെയുള്ള കർശനമായ പ്രായ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും നടപ്പാക്കുക.

കിൻ്റർഗാർട്ടൻ- മൂന്ന് വയസ്സ്

കെ ജി ഒന്ന്: നാല് വയസ്സ്

കെ ജി രണ്ട്: അഞ്ച് വയസ്സ്

ക്ലാസ് ഒന്ന്: ആറ് വയസ്



ഇന്റർസ്‌കൂൾ ട്രാൻസ്ഫറുകൾക്കുള്ള പ്രവേശനത്തിന് സാധുവായ ട്രാൻസ്ഫർ സർട്ടിഫിക്കറ്റുകൾ ആവശ്യമാണ്. അതേസമയം നിലവിൽ എൻറോൾ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾക്കുള്ള പ്രമോഷൻ യഥാക്രമം കെ ജി ഒന്ന് മുതൽ കെ ജി രണ്ടു വരെയും കെ ജി രണ്ട് മുതൽ ക്ലാസ് ഒന്നു വരെയും നിലവിലെ സമ്പ്രദായമനസുരിച്ച് തുടരുന്നതാണ്.

Also Read; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി വിടവാങ്ങി; അന്ത്യം 116ാം വയസിൽ

കുട്ടിയുടെ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലുടനീളം വിദ്യാഭ്യാസത്തോടുള്ള സമഗ്രമായ സമീപനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഈ ഘടന ഇന്ത്യൻ അധികൃതർ ഒരുക്കിയിരിക്കുന്നതെന്ന് ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് വാർത്താ കുറിപ്പിൽ അറിയിച്ചു.ഒമാനിലെ ഇന്ത്യൻ പ്രവാസി വിദ്യാർഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്നതിനായി എൻ ഇ പിയിൽ പറഞ്ഞിരിക്കുന്ന വിദ്യാഭ്യാസ നിലവാരങ്ങൾ പാലിക്കുന്നതിനുള്ള ബോർഡിന്റെ സമർപ്പണത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നു അതാത് സ്‌കൂളുകളിൽ നിന്നുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കാണമെന്നും രക്ഷിതാക്കളോട് ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് ആവശ്യപ്പെട്ടു.


ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിലുടനീളം ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നത് കുട്ടികളുടെ വിദ്യാഭ്യാസ അനുഭവം പുനർനിർവചിക്കുന്നതിനുള്ള ഒരു പരിവർത്തന ഘട്ടത്തെ പ്രതിനിധീകരിക്കുന്നതാണെന്ന് ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം പറഞ്ഞു. ആഗോള നിലവാരവുമായി യോജിപ്പിച്ച് ഉയർന്ന വിദ്യാഭ്യാസം നൽകാനുള്ള ഞങ്ങളുടെ അചഞ്ചലമായ അർപ്പണബോധം രക്ഷിതാക്കൾക്ക് ഉറപ്പുനൽകുന്നുവെന്നും അദേഹം കൂട്ടിച്ചേർത്തു.

SCROLL FOR NEXT