NEWSROOM

ട്രംപിൻ്റെ താരിഫ് ഷോക്കിൽ നിന്ന് ഓഹരി വിപണി കരകയറുന്നു? സെന്‍സെക്‌സ് 1200 പോയിൻ്റ് മുന്നേറ്റം

ഇന്നലെ ഏഷ്യന്‍ വിപണിയുടെ തകര്‍ച്ചയുടെ സ്വാധീനത്തിൽ അടിമുടി തകർന്നടിഞ്ഞ നിലയിലായിരുന്നു ഇന്ത്യൻ വിപണി.

Author : ന്യൂസ് ഡെസ്ക്

യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് അടിച്ചേൽപ്പിച്ച താരിഫ് ഷോക്കിൽ നിന്ന് കരകയറാൻ ശ്രമിച്ച് ഒഹരി വിപണി. ഇന്നലെ തകര്‍ന്നടിഞ്ഞ വിപണി ഇന്ന് തിരിച്ചുകയറിയതായാണ് നിലവില കണക്കുകൾ സൂചിപ്പിക്കുന്നത്. ബിഎസ്ഇ സെന്‍സെക്‌സ് 1200 പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 350 പോയിന്റ് ഉയര്‍ന്ന് 22,500 എന്ന സൈക്കോളജിക്കൽ ലെവൽ കടന്നിട്ടുണ്ട്. എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, ടിസിഎസ്, ടാറ്റ മോട്ടോഴ്‌സ് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.


ഇന്ന് നിലവിലെ കണക്കുകൾ പ്രകാരം ഏഷ്യന്‍ വിപണി നേട്ടത്തിലാണ്.ആ നേട്ടമാണ് ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുന്നതെന്നാണ് വിലയിരുത്തൽ. എല്ലാ സെക്ടറുകളും നേട്ടത്തോടെയാണ് വ്യാപാരം തുടരുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തിരിച്ചടി തീരുവയും ചൈനയുടെ പ്രതികാര നടപടികളും ഓഹരി വിപണിയിൽ ശക്തമായി പ്രതിഫലിച്ചിരുന്നു. ഇന്നലെ ഏഷ്യന്‍ വിപണിയുടെ തകര്‍ച്ചയുടെ സ്വാധീനത്തിൽ അടിമുടി തകർന്നടിഞ്ഞ നിലയിലായിരുന്നു ഇന്ത്യൻ വിപണി.

സെൻസെക്സും നിഫ്റ്റിയും അഞ്ച് ശതമാനത്തിലധികം ഇടിഞ്ഞു. സെൻസെക്സ് 3,939.68 പോയിന്റ് ഇടിഞ്ഞ് 71,425.01 എത്തി. നിഫ്റ്റി 1,160.8 പോയിന്റ് ഇടിഞ്ഞ് 21,743.65 എത്തി. ഇന്ത്യൻ ഓഹരി വിപണി 10 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു ഇന്നലെ എത്തിയത്. 20 ലക്ഷം കോടിയിലധികം രൂപയാണ് ഒരു ദിവസംകൊണ്ട് നിക്ഷേപകർക്ക് നഷ്ടമായത്.

SCROLL FOR NEXT