ഒളിംപ്യൻ പി ടി ഉഷക്കെതിരെ വിമർശനവുമായി ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് രംഗത്ത്. തന്റെ അയോഗ്യതയ്‌ക്കെതിരേ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അപ്പീൽ നൽകാൻ വൈകി. പി ടി ഉഷ തനിക്ക് ഒരു പിന്തുണയും തന്നിരുന്നില്ല. താൻ അറിയാതെ ഒരു ഫോട്ടോ എടുത്ത് പോവുകയാണ് ചെയ്തത് എന്നും വിനേഷ് ഫോഗട്ട് ആരോപിച്ചു.
രാഷ്ട്രീയത്തിൽ പല കാര്യങ്ങളും നടക്കുന്നത് തിരശ്ശീലയ്ക്ക് പിന്നിലാണ്. അതുപോലെ പാരീസിലും രാഷ്ട്രീയമാണ് നടന്നത്. അതാണ് എൻ്റെ ഹൃദയം തകർത്തത്. ഗുസ്തി വിടരുതെന്ന് ഒരുപാട് ആളുകൾ പറഞ്ഞു. എല്ലായിടത്തും ഈ രാഷ്ട്രീയമുള്ളപ്പോൾ ഞാനെന്തിന് ഗുസ്‌തിയിൽ തുടരണമെന്നും വിനേഷ് പറഞ്ഞു.
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്റംഗ് പൂനിയയും കോൺഗ്രസിൽ ചേർന്നത്. പിന്നാലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ജുലാനയിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥിയായി ഫോഗട്ടിനെ പ്രഖ്യാപിക്കുകയും ചെയ്തു. ബജ്‌റംഗ് പുനിയയെ കിസാന്‍ കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാനായും നിയമിച്ചു.
പാരീസ് ഒളിമ്പിക്‌സ് ഫൈനലിലെത്തിയ വിനേഷിനെ അനുവദനീയമായതിലും 100 ഗ്രാം ഭാരക്കൂടുതലിനെ തുടർന്ന് ഫൈനൽ പോരാട്ടത്തിന് തൊട്ടുമുമ്പ് അയോഗ്യയാക്കിയിരുന്നു. ഭാരം കുറയ്ക്കാനുള്ള കഠിനശ്രമം നടത്തിയ വിനേഷിന് ഒടുവിൽ ആശുപത്രിയിൽ ചികിത്സ തേടേണ്ടതായി വന്നു. ഈ സമയത്ത് തന്നെ കാണാനെത്തിയ പിടി ഉഷ താൻ അറിയാതെ ഒരു ഫോട്ടോ എടുത്ത് പോവുകയാണ് ചെയ്‌തതെന്നാണ് വിനേഷിന്റെ വിമർശനം. ആശുപത്രിക്കിടക്കയിൽ വിനേഷിനൊപ്പമുള്ള ചിത്രം ഉഷ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. വിനേഷിന് പിന്തുണയറിയിച്ചുകൊണ്ടുള്ള കുറിപ്പിനൊപ്പമായിരുന്നു ഇത്.
അതേസമയം വിനേഷ് ഫോഗട്ടിൻ്റെ അയോഗ്യതയ്ക്കിടയാക്കിയ ശരീരഭാരം സംബന്ധിച്ച ഉത്തരവാദിത്വം അസോസിയേഷൻ നിയമിക്കുന്ന ചീഫ് മെഡിക്കൽ ഓഫീസർക്ക് ഇല്ലെന്ന് പറഞ്ഞ ഉഷ, ഗുസ്തി, ബോക്‌സിങ്, ജൂഡോ തുടങ്ങിയ ഇനങ്ങളിൽ ഉത്തരവാദിത്വം താരത്തിനും കോച്ചിനുമാണെന്നും വ്യക്തമാക്കിയിരുന്നു.