2024 കേന്ദ്ര ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് രാജ്യസഭ എംപി രാഘവ് ഛദ്ദ. ഇന്ത്യക്കാർ ഇംഗ്ലണ്ടിലെ പോലെ ടാക്‌സ് അടയ്ക്കുന്നു സൊമാലിയയെ പോലെ സേവനങ്ങള്‍ സ്വീകരിക്കുന്നു എന്നായിരുന്നു ആം ആദ്മി എംപിയുടെ രാജ്യസഭയിലെ പ്രസ്താവന. ബിജെപിയെ പിന്തുണയ്ക്കുന്നവരെപ്പോലും തൃപ്തിപ്പെടുത്താന്‍ ബജറ്റിനു സാധിച്ചിട്ടില്ലായെന്ന് രാജ്യസഭയില്‍ നടന്ന പൊതു ചര്‍ച്ചയില്‍ രാഘവ് ഛദ്ദ പറഞ്ഞു.
'സാധാരണ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സമൂഹത്തിലെ ഒരു വിഭാഗം സന്തോഷിക്കുകയും മറ്റൊരു വിഭാഗം അങ്ങനെയല്ലാതെയിരിക്കുകയുമാണ് പതിവ്.
എന്നാല്‍ ഇത്തവണ എല്ലാവരെയും അതൃപ്തരാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു. ബിജെപി അനുകൂലികള്‍ കൂടി അസന്തുഷ്ടരാണ്', എംപി പറഞ്ഞു.
ജനങ്ങള്‍ നേരിടുന്ന നികുതി ഭാരത്തെ ഉയര്‍ത്തിക്കാട്ടിയ ആം ആദ്മി എംപി, കഴിഞ്ഞ 10 വര്‍ഷമായി സര്‍ക്കാര്‍ ജനങ്ങളുടെ വരുമാനത്തിൻ്റെ 80 ശതമാനത്തോളം നികുതിയിനത്തില്‍ പിരിച്ചെടുക്കുകയാണെന്നും പറഞ്ഞു. കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സീറ്റെണ്ണം കുറയാന്‍ കാരണം സാമ്പത്തിക രംഗത്തെ തകര്‍ച്ചയാണെന്നും ഭാവി തെരഞ്ഞെടുപ്പുകളില്‍ ബിജെപി 120 സീറ്റുകളില്‍ താഴെ ഒതുങ്ങുമെന്നും ഛദ്ദ കൂട്ടിചേര്‍ത്തു.
ബിജെപിയുമായി സഖ്യത്തിലില്ലാത്ത പാർട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ ബജറ്റില്‍ അവഗണിച്ചുവെന്നാരോപിച്ച് പ്രതിപക്ഷ പാർട്ടികള്‍ ഇരു സഭകളിലും പ്രതിഷേധിക്കുകയാണ്. ബിഹാർ, ആന്ധ്രപ്രദേശ് പോലുള്ള എന്‍ഡിഎ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ തലോടുകയും മറ്റുള്ള സംസ്ഥാനങ്ങളെ തള്ളുകയും ചെയ്യുന്നതാണ് ബജറ്റെന്നാണ് പ്രതിപക്ഷ വിമർശനം.