file Image 
NEWSROOM

ഇന്ത്യ-പാക് സംഘര്‍ഷം; അജിത് ഡോവലുമായി ചൈനീസ് വിദേശകാര്യ മന്ത്രി സംസാരിച്ചു

ഇന്ത്യ യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും ഭീകരവാദത്തിനെതിരെ ശക്തമായ നടപടി ആവശ്യമാണെന്ന് അജിത് ഡോവല്‍ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടയില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സംസാരിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തെ കുറിച്ചും തുടര്‍ന്നുണ്ടായ ഇന്ത്യ-പാക് സംഘര്‍ഷാവസ്ഥയുമാണ് ഫോണിലൂടെയുള്ള സംഭാഷണത്തില്‍ ചര്‍ച്ചയായത്.



പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ കുറിച്ചും ഇന്ത്യ ഭീകരവിരുദ്ധ നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അജിത് ഡോവല്‍ വിശദീകരിച്ചു. യുദ്ധത്തിലേക്ക് നീങ്ങാന്‍ ഇന്ത്യയ്ക്ക് താത്പര്യമില്ലെന്നും യുദ്ധം ഒരു കക്ഷിയുടേയും താത്പര്യം സംരക്ഷിക്കുന്നില്ലെന്നും അജിത് ഡോവല്‍ ഊന്നിപ്പറഞ്ഞു. വെടിനിര്‍ത്തല്‍ ലംഘിക്കപ്പെടില്ലെന്നും അതിര്‍ത്തിയില്‍ സമാധാനം പുലരുമെന്ന പ്രതീക്ഷയും ഡോവല്‍ പങ്കുവെച്ചു.



പഹല്‍ഗാമിലെ ഭീകരാക്രമണത്തെ അപലപിച്ച ചൈനീസ് വിദേശകാര്യ മന്ത്രി എല്ലാതരം തീവ്രവാദവും ചെറുക്കപ്പെടേണ്ടതാണെന്നും വ്യക്തമാക്കി. സങ്കീര്‍ണ്ണവും അസ്ഥിരവുമായ അന്താരാഷ്ട്ര സാഹചര്യം കണക്കിലെടുക്കുമ്പോള്‍, ഏഷ്യയിലെ സമാധാനവും സ്ഥിരതയും കഷ്ടപ്പെട്ട് നേടിയെടുത്തതാണെന്നും അത് വിലമതിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുദ്ധം ഇന്ത്യയുടെ തിരഞ്ഞെടുപ്പല്ലെന്ന അജിത് ഡോവലിന്റെ നിലപാടിനെ വാങ് യി അഭിനന്ദിച്ചു. പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ശ്രമിക്കണമെന്നും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകരുതെന്നും ആവശ്യപ്പെട്ട വാങ് യി ഇരുപക്ഷവും ശാന്തതയും സംയമനവും പാലിക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.

SCROLL FOR NEXT