NEWSROOM

"ഇന്ത്യയുടെ നടപടികള്‍‌ സ്വീകാര്യമല്ല"; നിലപാട് കടുപ്പിച്ച് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

ഇരു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ ഉലഞ്ഞതോടെ വിസ, കുടിയേറ്റം, യാത്രാ സൗകര്യങ്ങള്‍ എന്നീ വിഷയങ്ങളില്‍ ആശങ്ക ഉയർന്നിരിക്കുകയാണ്

Author : ന്യൂസ് ഡെസ്ക്

ഇന്ത്യക്കെതിരെയുള്ള നിലപാട് കടുപ്പിച്ച് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇന്ത്യയുടെ നടപടികള്‍ അംഗീകരിക്കാന്‍ പറ്റില്ലെന്നും രാജ്യത്തിന്‍റെ പെരുമാറ്റം അക്രമാസക്തവും ഭീഷണിപ്പെടുത്താന്‍ ഉദ്ദേശ്യംവെച്ചുള്ളതാണെന്നും ട്രൂഡോ കുറ്റപ്പെടുത്തി. ഇരു രാജ്യങ്ങളും പരസ്പരം നയതന്ത്ര പ്രതിനിധകളെ പുറത്താക്കിയതിനു പിന്നാലെയായിരുന്നു ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസ്താവന.

നയതന്ത്ര പ്രതിനിധികളുടെ പുറത്താക്കലിനെക്കുറിച്ച് ഒട്ടാവയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ജസ്റ്റിൻ ട്രൂഡോ ഇന്ത്യയുടെ നടപടികൾ സ്വീകാര്യമല്ലെന്ന് അറിയിച്ചത്. "കനേഡിയൻ മണ്ണിലെ കനേഡിയൻ ജനതയ്‌ക്കെതിരായ ക്രിമിനൽ പ്രവർത്തനങ്ങൾ പിന്തുണയ്ക്കാൻ കഴിയുമെന്ന് ചിന്തിച്ചതില്‍ ഇന്ത്യാ സർക്കാരിന് അടിസ്ഥാനപരമായ തെറ്റ് പറ്റി. അത് കൊലപാതകങ്ങളോ കൊള്ളയടിക്കലോ മറ്റു അക്രമ പ്രവർത്തനങ്ങളോ ആയാലും ശരി," ട്രൂഡോ പറഞ്ഞു.

ഖലിസ്ഥാന്‍വാദിയും കനേഡിയന്‍ പൗരനുമായ ഹർദീപ് സിംഗ് നിജ്ജാറിന്‍റെ കൊലപാതകത്തില്‍, ഇന്ത്യന്‍ ഹൈക്കമ്മീഷണർ സഞ്ജയ് ശർമയ്ക്കും മറ്റു നയതന്ത്ര പ്രതിനിധികള്‍ക്കും പങ്കുണ്ടെന്നു കാനഡ ഇന്ത്യയുമായി നയതന്ത്ര ആശയവിനിമം നടത്തിയതോടെയാണ് സ്ഥിതിഗതികള്‍ വഷളായത്. ആരോപണങ്ങൾ ഉന്നയിക്കാതെ തെളിവുകള്‍ ഹാജരാക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടു. എന്നാല്‍ കാനഡ സർക്കാർ ആരോപണം ഉന്നയിക്കുന്നത് തുടർന്നു.

തുടർന്നാണ് വിദേശകാര്യ മന്ത്രാലയം ഇന്നലെ പ്രസ്താവനയിലൂടെ കാനഡയുടെ ആരോപണങ്ങളെ അഭിസംബോധന ചെയ്തത്. ട്രൂഡോ സർക്കാരിന്‍റെ നടപടികള്‍ വോട്ട് ബാങ്ക് ലക്ഷ്യം വെച്ചാണെന്നായിരുന്നു പ്രസ്താവന. ഇന്ത്യക്കെതിരെയുള്ള വിഘടനവാദ-അക്രമ പ്രവർത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് തുടർന്നാല്‍ തുടർ നടപടിയുണ്ടാകുമെന്നും കനേഡിയന്‍ ആക്ടിങ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ അറിയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് നിജ്ജാറിന്‍റെ കൊലപാതകത്തില്‍ കാനഡ കുറ്റം ആരോപിക്കുന്ന ഇന്ത്യന്‍ ഹൈക്കമ്മീഷണറടക്കം ആറ് നയതന്ത്ര പ്രതിനിധികളെ കാനഡ പുറത്താക്കിയത്. കാനഡയുടെ ആറു പ്രതിനിധികളെ പുറത്താക്കി ഇന്ത്യയും തിരിച്ചടിച്ചു. സ്റ്റുവര്‍ട്ട് റോസ് വീലര്‍, പാട്രിക് ഹെബര്‍ട്ട്, മേരി കാതറിന്‍ ജോളി, എം. ലാന്‍ റോസ് ഡേവിഡ് ട്രൈറ്റ്‌സ്, ആദം ജെയിംസ് ചുപ്ക, പോള ഓര്‍ജുവേല, എന്നിവരെയാണ് പുറത്താക്കിയത്. 19ന് രാത്രി 11.59ന് മുമ്പ് രാജ്യം വിടണമെന്നാണ് ഇവർക്ക് നല്‍കിയിരിക്കുന്ന നിർദേശം.

ഇരു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ ഉലഞ്ഞതോടെ വിസ, കുടിയേറ്റം, യാത്രാ സൗകര്യങ്ങള്‍ എന്നീ വിഷയങ്ങളില്‍ ആശങ്ക ഉയർന്നിരിക്കുകയാണ്. നിരവധി ഇന്ത്യന്‍ വിദ്യാർഥികളും തൊഴിലാളികളും കാനഡയിലുണ്ട്. നയതന്ത്ര പ്രതിനിധികളെ ഇരുരാജ്യങ്ങളും തിരിച്ചു വിളിച്ചതോടെഇവർ പ്രതിസന്ധിയിലായിരിക്കുകയാണ്.

Also Read: 'രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ട്രൂഡോ ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്നു'; നിജ്ജാർ വധത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണർക്ക് പങ്കുണ്ടെന്ന കാനഡയുടെ വാദം തള്ളി ഇന്ത്യ

സിഖ് ജനസംഖ്യ വലിയ തോതിലുള്ള കാനഡയിലെ വാൻകൂവറിൻ്റെ പ്രാന്തപ്രദേശമായ സർറെയിലെ സിഖ് ക്ഷേത്രത്തിന് പുറത്തുവെച്ചാണ് ഹർദീപ് സിംഗ് നിജ്ജാർ (45) വെടിയേറ്റ് കൊല്ലപ്പെട്ടത്. കനേഡിയൻ പൗരനായ നിജ്ജാർ ഇന്ത്യയിൽ നിന്ന് വേർപെട്ട് ഒരു സ്വതന്ത്ര സിഖ് മാതൃഭൂമി സൃഷ്ടിക്കണമെന്ന ആശയം പ്രചരിപ്പിച്ചിരുന്നു.

SCROLL FOR NEXT