NEWSROOM

ലബനന് ഇന്ത്യയുടെ സഹായം; 11 ടൺ മെഡിക്കൽ ഉല്‍പ്പന്നങ്ങള്‍ അയച്ചു, തീരുമാനം 33 ടണ്‍‌ നല്‍കാന്‍

ദക്ഷിണ ലബനനില്‍ ഇസ്രയേല്‍-ഹിസ്ബുള്ള സംഘർഷം ശക്തമായ സാഹചര്യത്തിലാണ് ഇന്ത്യയുടെ ഇടപെടല്‍

Author : ന്യൂസ് ഡെസ്ക്

ലബനനിലേക്ക് മരുന്നുകളടക്കമുള്ള മാനുഷിക സഹായം എത്തിച്ച് ഇന്ത്യ. 11 ടൺ മെഡിക്കൽ സപ്ലൈസാണ് ആദ്യ ഘട്ടത്തില്‍ ഇന്ത്യ അയച്ചത്. മൊത്തത്തില്‍ 33 ടണ്‍‌ മെഡിക്കല്‍ സപ്ലൈ നല്‍കാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. ദക്ഷിണ ലബനനില്‍ ഇസ്രയേല്‍-ഹിസ്ബുള്ള സംഘർഷം ശക്തമായ സാഹചര്യത്തിലാണ് ഇന്ത്യയുടെ ഇടപെടല്‍.

"ഇന്ത്യ ലബനനിലേക്ക് മാനുഷിക സഹായം അയക്കുന്നു. ആകെ 33 ടൺ മെഡിക്കൽ സപ്ലൈസാണ് അയക്കുന്നത്. ആദ്യ ഘട്ടമായി 11 ടൺ മെഡിക്കൽ സപ്ലൈസ് ഇന്ന് അയച്ചു. ഹൃദയ സംബന്ധമായ മരുന്നുകൾ, എൻഎസ്എഐഡികൾ, ആൻറി-ഇൻഫ്ലമേറ്ററി ഏജൻ്റുകൾ, ആൻറിബയോട്ടിക്കുകൾ, അനസ്തെറ്റിക്സ് എന്നിവയുൾപ്പെടെ വിപുലമായ ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളാണ് ഈ കണ്‍സൈന്‍മെന്‍റില്‍ ഉൾപ്പെടുന്നത്", വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവ് രൺധീർ ജയ്‌സ്വാൾ എക്‌സിൽ കുറിച്ചു.

Also Read: "ഹമാസ് സജീവമാണ്, സജീവമായിരിക്കും"; സിന്‍വാറിന്‍റെ കൊലപാതകത്തില്‍ പ്രതികരിച്ച് ആയത്തൊള്ള ഖമേനി

ദക്ഷിണ ലബനനിൽ വർധിച്ചുവരുന്ന ആക്രമണങ്ങൾക്കിടയിൽ, ഐക്യരാഷ്ട്രസഭയുടെ സമാധാന സേനാംഗങ്ങളുടെ സുരക്ഷയില്‍ ഇന്ത്യ ആശങ്ക അറിയിച്ചു. ലബനനെ ഇസ്രായേലിൽ നിന്ന് വേർതിരിക്കുന്ന ബ്ലൂ ലൈനിൽ നിലയുറപ്പിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടെ നേരെ നിരവധി തവണ ഇസ്രയേല്‍ ആക്രമണങ്ങള്‍ നടന്നിരുന്നു.

"സമാധാന സേനാംഗങ്ങളുടെ സുരക്ഷ ഞങ്ങൾ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. യുണിഫില്‍ കേന്ദ്രങ്ങളുടെ സമീപത്ത് സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്, ജയ്‌സ്വാൾ അറിയിച്ചു.

Also Read: ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്‍റെ വീടിനു നേരെ ഹിസ്ബുള്ളയുടെ ഡ്രോണ്‍ ആക്രമണം

നിലവില്‍ ഇന്ത്യന്‍ സൈനികരൊന്നും ബ്ലൂ ലൈനിൽ നിലയുറപ്പിച്ചിട്ടില്ലെന്നും എന്നാൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുകയാണെന്നും ഇന്ത്യ വ്യക്തമാക്കി.

SCROLL FOR NEXT