NEWSROOM

ഇന്ത്യയുടെ എഞ്ചിനീയറിങ് വിസ്മയം: പുതിയ പാമ്പൻ പാലം പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു

രാജ്യത്തെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് റെയില്‍വേ കടല്‍പ്പാലമാണ് പുതിയ പാമ്പന്‍ പാലം

Author : ന്യൂസ് ഡെസ്ക്

കാത്തിരിപ്പിനൊടുവിൽ ഇന്ത്യയുടെ എഞ്ചിനീയറിങ് വിസ്മയങ്ങളിൽ ഒന്നായി വിശേഷിപ്പിക്കുന്ന പുതിയ പാമ്പൻ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. രാമേശ്വരത്തുനിന്ന് താംബരത്തേക്കുള്ള പുതിയ ട്രെയിൻ സർവീസും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. രാജ്യത്തെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് റെയില്‍വേ കടല്‍പ്പാലമാണ് പുതിയ പാമ്പന്‍ പാലം.

രാമനാഥപുരം ജില്ലയിലെ പാമ്പന്‍ ദ്വീപിനെയും തീര്‍ഥാടനകേന്ദ്രമായ രാമേശ്വരത്തെയും വന്‍കരയുമായി ബന്ധിപ്പിക്കുന്ന കടല്‍പ്പാലമാണ് പാമ്പന്‍പാലം. സമുദ്രനിരപ്പിൽ നിന്ന് 6 മീറ്റർ ഉയരമുള്ള പുതിയ പാലത്തിന് 2.08 കിലോമീറ്ററാണ് ദൈർഘ്യം. കപ്പലുകള്‍ക്ക് കടന്നുപോകാന്‍ ഒരു ഭാഗം ലംബമായി ഉയരുന്ന രാജ്യത്തെ ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ് പാലമാണിത്. 535 കോടി രൂപ ചെലവില്‍ ഇന്ത്യൻ റെയിൽവേയുടെ എഞ്ചിനീയറിങ് വിഭാഗമായ റെയിൽ വികാസ് നിഗം ലിമിറ്റഡാണ് പാലം പണിതത്.

പുതിയ പാമ്പൻ പാലം കുത്തനെ ഉയര്‍ത്താനും താഴ്ത്താനുമായി ഇലക്ട്രോ മെക്കാനിക്കല്‍ വെര്‍ട്ടിക്കല്‍ ലിഫ്റ്റാണ് ഉപയോഗിക്കുന്നത്. പാലത്തിൽ നിന്ന് നോക്കിയാല്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മനോഹരമായ കാഴ്ചകള്‍ കാണാനാകും.

ബ്രിട്ടീഷ് ഇന്ത്യയും സിലോണും തമ്മിലുള്ള വ്യാപാരം വര്‍ധിപ്പിക്കാന്‍ ബ്രിട്ടീഷ് ഭരണകൂടം മുന്നോട്ടുവെച്ച പദ്ധതിയുടെ ഭാഗമായിരുന്നു പാമ്പന്‍ പാലം. ധനുഷ്‌കോടിയും ശ്രീലങ്കയും തമ്മിലുള്ള ദൂരക്കുറവാണ് കടലിടുക്കിന് കുറുകെ പാലം നിര്‍മിക്കുന്നതിനേക്കുറിച്ച് ബ്രിട്ടിഷുകാരെ ചിന്തിപ്പിച്ചത്. 2010ല്‍ ബാന്ദ്ര-വര്‍ളി സീ ലിങ്ക് തുറക്കുന്നതുവരെ ഇന്ത്യയിലെ ഏറ്റവും നീളമേറിയ കടല്‍പ്പാലമായിരുന്നു ഇത്.

അപകട മുന്നറിയിപ്പിനെത്തുടര്‍ന്ന് പാലത്തിലൂടെയുള്ള തീവണ്ടിഗതാഗതം 2022 ഡിസംബര്‍ 23 മുതലാണ് നിര്‍ത്തിവെച്ചത്. എന്നാൽ ബ്രിട്ടീഷ് ഭരണകാലത്ത് പണിത പാമ്പനിലെ ഉരുക്കുപാലത്തിന്റെ അറ്റകുറ്റപ്പണി അസാധ്യമായിരുന്നു. ഇതോടെയാണ് സമാന്തരമായി പുതിയ പാലം നിര്‍മിക്കാൻ തീരുമാനിച്ചത്. പുതിയ പാലം ഉദ്ഘാടനം ചെയ്യുന്നതോടെ പഴയ പാമ്പന്‍ പാലത്തിന്റെ ഒരു ഭാഗം സ്മാരകമാക്കി നിലനിർത്തി ബാക്കി പൊളിച്ചുമാറ്റും. പാലത്തിൻ്റെ നിര്‍മാണം ഒക്ടോബറോടെ പൂര്‍ത്തിയായെങ്കിലും സുരക്ഷാ പരിശോധനകൾ പൂർത്തിയാകാഞ്ഞതാണ് ഉദ്ഘാടനം വൈകാൻ കാരണം.

SCROLL FOR NEXT