ഹരിയാന തെരഞ്ഞെടുപ്പിൽ ഹിസാർ മണ്ഡലത്തിൽ സ്വതന്ത്രയായി മത്സരിച്ച് വിജയം കൈവരിച്ച് ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത സാവിത്രി ജിൻഡാൽ. ബിജെപിക്കെതിരെ 18,941 വോട്ടുകൾ നേടിയാണ് സാവിത്രി ജിൻഡാൽ വിജയിച്ചത്. കുരുക്ഷേത്ര ബിജെപി എംപി നവീൻ ജിൻഡാലിൻ്റെ അമ്മയും മുൻ ഹരിയാന മന്ത്രി ഓം പ്രകാശ് ജിൻഡാലിൻ്റെ ഭാര്യയുമായ സാവിത്രി, മുതിർന്ന ബിജെപി നേതാവും ഹിസാർ സിറ്റിങ്ങ് എംഎൽഎയുമായ കമൽ ഗുപ്തയെയാണ് തോൽപ്പിച്ചത്.
ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും സാവിത്രിക്ക് ബിജെപി ടിക്കറ്റ് ലഭിച്ചില്ല. തുടർന്നാണ് ഇവർ സ്വതന്ത്രയായി തെരഞ്ഞെടുപ്പ് ഗോദയിലെത്തുന്നത്. ഹിസാറിലെ ജനങ്ങൾ കുടുംബമാണെന്നും, അവർ തന്നെയാണ് താൻ മത്സരിക്കണമെന്ന് ആഗ്രഹിച്ചതെന്നും നോമിനേഷൻ പ്രഖ്യാപിച്ചതിന് ശേഷം സാവിത്രി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞിരുന്നു. തെരഞ്ഞെടുക്കപ്പെട്ടാൽ ഹിസാർ മണ്ഡലത്തിലെ ജനങ്ങൾക്കായി ശക്തമായി ശബ്ദം ഉയർത്തുമെന്നും അവർ വ്യക്തമാക്കി.
ഭർത്താവും മുൻ ഹരിയാന മന്ത്രിയുമായ ഓം പ്രകാശ് ജിൻഡാലിൻ്റെ പാത പിന്തുടർന്നായിരുന്നു സാവിത്രിയും രാഷ്ട്രീയത്തിൽ ചുവട് വെച്ചത്. 74കാരനായ ഓം പ്രകാശ്, ഹിസാർ മണ്ഡലത്തിൽ നിന്ന് രണ്ട് തവണ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2005-ൽ ഹരിയാന നിയമസഭയിൽ ആദ്യമായി കോൺഗ്രസ് എംഎൽഎയായി ഹിസാറിനെ പ്രതിനിധീകരിച്ച നേതാവ്, 2009-ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ഭൂപീന്ദർ സിംഗ് ഹൂഡ സർക്കാരിന് കീഴിൽ ഹരിയാനയിൽ മന്ത്രിയായി. രണ്ട് പതിറ്റാണ്ടോളം കോൺഗ്രസിനൊപ്പം ചേർന്ന സാവിത്രി, പിന്നീട് മകൻ നവീൻ ജിൻഡാലിനൊപ്പം ബിജെപിയിൽ ചേരുകയായിരുന്നു.
സെപ്റ്റംബർ 28 ന് പുറത്തിറക്കിയ ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം, രാജ്യത്തെ ഏറ്റവും ധനികയായ സ്ത്രീയാണ് 36.3 ബില്യൺ ഡോളറിൻ്റെ ആസ്തിയുള്ള സാവിത്രി ജിൻഡാൽ. ഓം പ്രകാശിൻ്റെ മരണശേഷം സ്റ്റീൽ, വൈദ്യുതി എന്നിവയുടെ ഉത്പാദനം, ഖനനം എന്നിവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജിൻഡാൽ കമ്പനിയുടെ നിയന്ത്രണം സാവിത്രി ഏറ്റെടുത്തു. ഇന്ത്യയുടെ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള സാവിത്രി ജിൻഡാലിൻ്റെ നേട്ടങ്ങൾ, ലോകമെമ്പാടുമുള്ള വനിതാ സംരംഭകർക്കും ബിസിനസുകാർക്കും പ്രചോദനമാണ്.