സിഎന്‍എന്‍ ചര്‍ച്ചക്കിടെ വിനയ് ക്വാത്ര 
NEWSROOM

'കശ്മീരിനെക്കുറിച്ചുള്ള ആ പരാമര്‍ശം തെറ്റാണ്'; ലൈവ് ഷോയില്‍ സിഎന്‍എന്‍ അവതാരകനെ തിരുത്തി ഇന്ത്യന്‍ സ്ഥാനപതി വിനയ് ക്വാത്ര

ഭീകരരെ സഹായിക്കുന്ന നിലപാടാണ് പാകിസ്ഥാന്‍ തുടരുന്നത്. അതുകൊണ്ടാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിന് തുടക്കമിട്ടതെന്നും ക്വാത്ര

Author : ന്യൂസ് ഡെസ്ക്


തത്സമയ അഭിമുഖത്തിനിടെ, ജമ്മു കശ്മീര്‍ സംബന്ധിച്ച പരാമര്‍ശത്തില്‍ സിഎന്‍എന്‍ അവതാരകനെ തിരുത്തി യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് ക്വാത്ര. കശ്മീരിനെ 'ഇന്ത്യന്‍ ഭരണനിയന്ത്രണത്തിലുള്ളത്' എന്ന് വിശേഷിപ്പിച്ച അവതാരകന്‍ വുള്‍ഫ് ബ്ലിറ്റ്സറെയാണ് ക്വാത്ര തിരുത്തിയത്. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ്. പാക് അധിനിവേശ കശ്മീര്‍ തിരിച്ചുകിട്ടുക എന്നത് മാത്രമാണ് പരിഹരിക്കപ്പെടാനുള്ള ഏക പ്രശ്നമെന്നും ക്വാത്ര പറഞ്ഞു. പഹല്‍ഗാമില്‍ നടന്നത് ഏറ്റവും ഹീനമായ ഭീകര പ്രവൃത്തിയാണ്. ഈ ഭീകരര്‍ക്ക് ആരെങ്കിലും ഫ്രീ പാസ് നല്‍കുമോ? ഭീകരരെ സഹായിക്കുന്ന നിലപാടാണ് പാകിസ്ഥാന്‍ തുടരുന്നത്. അതുകൊണ്ടാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിന് തുടക്കമിട്ടതെന്നും ക്വാത്ര വ്യക്തമാക്കി.

ഇന്ത്യ-പാക് അതിര്‍ത്തി മേഖലകളില്‍ സ്ഫോടനങ്ങള്‍ നടന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെയായിരുന്നു വുള്‍ഫ് ബ്ലിറ്റ്സറുടെ പരാമര്‍ശം. 'ആദ്യമേ, ക്ഷമിക്കണം, പക്ഷേ ഞാന്‍ നിങ്ങളെ തിരുത്തട്ടെ' എന്ന മുഖവുരയോടെയായിരുന്നു ക്വാത്രയുടെ മറുപടി. മുഴുവന്‍ ജമ്മു കശ്മീരും ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ്. അവിടെ പരിഹരിക്കപ്പെടേണ്ട ഒരേയൊരു പ്രശ്നം, പാകിസ്ഥാന്‍ അധിനിവേശ കശ്മീര്‍ തിരിച്ചുകിട്ടുക എന്നതു മാത്രമാണെന്ന് ക്വാത്ര പറഞ്ഞു. മേഖലയിലെ സ്ഫോടനങ്ങള്‍ സംബന്ധിച്ച ചോദ്യത്തിന്, 'ചില പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെങ്കിലും, അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തന വിശദാംശങ്ങള്‍ ഇന്ത്യയുടെ പക്കലില്ല' എന്നായിരുന്നു ക്വാത്രയുടെ മറുപടി.

പഹല്‍ഗാം ഭീകരാക്രമണത്തെ ശക്തമായ ഭാഷയിലാണ് ക്വാത്ര അപലപിച്ചത്. 26 പേരുടെ മരണത്തിന് കാരണമായ ഭീകരാക്രമണത്തെ ഏറ്റവും ഹീനമായ ഭീകര പ്രവൃത്തി എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അതിന് കാരണക്കാരായ അധമജീവികളെയും നരാധമന്മാരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും, ഇരകള്‍ക്ക് നീതി ലഭ്യമാക്കുകയുമാണ് ഇന്ത്യയുടെ പ്രധാന ലക്ഷ്യം. എന്നാല്‍ പാകിസ്ഥാന്‍ ഭീകരര്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. അവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനു പകരം, അവര്‍ക്ക് പിന്തുണ നല്‍കുകയാണ്. ഭീകരാക്രമണങ്ങളില്‍ അവര്‍ പങ്കാളികളാണെങ്കില്‍പ്പോലും ഇന്ത്യ അത്ഭുതപ്പെടില്ല. അവര്‍ പരിഷ്കൃത ലോകത്തിനൊപ്പമല്ല, ഭീകരര്‍ക്കൊപ്പമാണ് എന്നാണ് നിരപരാധികളായ സാധാരണക്കാരെ ക്രൂരമായി കൊലപ്പെടുത്തുന്നതിലൂടെ, അവര്‍ ലോകത്തിന് നല്‍കുന്ന സന്ദേശമെന്നും ക്വാത്ര പറഞ്ഞു.

ലോകത്ത് ഒരിടത്തും ഇത്തരം തീവ്രവാദികള്‍ക്ക് ഫ്രീ പാസ് അനുവദിക്കില്ല. അതുകൊണ്ടാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചത്. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകരര്‍, അവരുടെ ഫാക്ടറികള്‍, സൗകര്യങ്ങള്‍ എന്നിവയ്ക്കെതിരായ വളരെ സൂക്ഷ്മമായ പ്രതികരണമാണ് ഇന്ത്യയുടേതെന്നും ക്വാത്ര വിശദീകരിച്ചു. പഹല്‍ഗാം ആക്രമണത്തില്‍ പങ്കില്ലെന്ന പാക് വാദത്തിനും ക്വാത്ര മറുപടി പറഞ്ഞു. നിഷേധിക്കുക, ആശയക്കുഴപ്പം സൃഷ്ടിക്കുക എന്നതാണ് എല്ലായ്പ്പോഴും പാകിസ്ഥാന്‍ തന്ത്രത്തിന്റെ ആദ്യ ഭാഗം. വര്‍ത്തമാനകാലത്തിലല്ല, ഭാവിയില്‍ മുന്‍കാല പ്രവൃത്തികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന സ്വഭാവ സവിശേഷതയും അവര്‍ക്കുണ്ടെന്ന് ക്വാത്ര അഭിപ്രായപ്പെട്ടു. ഇന്ത്യ-പാക് സംഘര്‍ഷങ്ങള്‍ ആണവ സംഘട്ടനത്തിലേക്ക് നീങ്ങുമോയെന്ന് ലോകം ആശങ്കപ്പെടേണ്ടതുണ്ടോ എന്ന ചോദ്യത്തിന്, "പാകിസ്ഥാൻ തുടര്‍ന്നും തീവ്രവാദത്തെ പിന്തുണയ്ക്കുന്നതായിരിക്കും യഥാര്‍ഥ ആശങ്ക" -എന്നായിരുന്നു ക്വാത്രയുടെ മറുപടി.

SCROLL FOR NEXT