Sri Lanka vs India, 1st T20I, Live Cricket Score: ഗൗതം ഗംഭീറിൻ്റെയും സനത് ജയസൂര്യയുടെയും കളരിയിൽ കളി പഠിച്ച പിള്ളേർ ഇന്ന് കാൻഡിയിൽ കുട്ടി ക്രിക്കറ്റ് പോരാട്ടത്തിനിറങ്ങുന്നു. ടോസ് നേടിയ ലങ്കൻ നായകൻ ചരിത് അസലങ്ക ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസൺ ടീമിലില്ല.
ശ്രീലങ്കയിലെ ഏറ്റവും പുതിയ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലൊന്നാണ് പല്ലെക്കെലെ. മൂന്ന് ടി20 മത്സരങ്ങളും ഇതേ ഗ്രൗണ്ടിൽ വെച്ചാണ് നടക്കുക. രാത്രി ഏഴ് മണിക്കാണ് ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരയ്ക്ക് തുടക്കമാകുന്നത്. സോണി സ്പോർട്സ് ടെൻ 1, സോണി സ്പോർട്സ് ടെൻ 5, സോണി സ്പോർട്സ് ടെൻ 1 എച്ച്‌ഡി, സോണി സ്പോർട്സ് ടെൻ 5 എച്ച്‌ഡി എന്നീ ചാനലുകളിലും, ഓ.ടി.ടിയിൽ സോണി ലിവിലും മത്സരങ്ങൾ കാണാം.
ലോകകപ്പ് വിജയത്തോടെ ഈ ഫോർമാറ്റിൽ നിന്ന് രാഹുൽ ദ്രാവിഡും ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോഹ്ലിയും പിൻവാങ്ങിയ ശേഷം നടന്ന സിംബാബ്‌വെ പര്യടനത്തിൽ ഇന്ത്യ ടി20 പരമ്പര 4-1ന് ആധികാരികമായി ജയിച്ചിരുന്നു. ആദ്യ മത്സരത്തിൽ ഞെട്ടിക്കുന്ന തോൽവി വഴങ്ങിയെങ്കിലും ശുഭ്മാൻ ഗില്ലിന് കീഴിലുള്ള യുവനിര ശക്തമായി തിരിച്ചടിച്ചിരുന്നു.
സൂര്യകുമാർ യാദവിന് കീഴിലുള്ള യുവനിരയെ നയിക്കാൻ വൈസ് ക്യാപ്റ്റനായി ശുഭ്മാൻ ഗില്ലും കൂടെയുണ്ട്. ഐപിഎല്ലിലെ മിന്നും താരങ്ങളെയെല്ലാം ഉൾപ്പെടുത്തിയാണ് ഗംഭീർ നീലപ്പടയെ അണിയിച്ചൊരുക്കുന്നത്. വിക്കറ്റ് കീപ്പറായി സഞ്ജു വരുമോ എന്നതാണ് മലയാളി ആരാധകരുടെ പ്രധാന ആശങ്ക. ടി20യിൽ പന്തിൻ്റെ നിഴലായി സഞ്ജു സാംസൺ ഒതുങ്ങില്ലെന്ന് മാത്രം പ്രതീക്ഷിക്കാം.