ഏഷ്യൻ ക്രിക്കറ്റിലെ ഒരു കാലത്തെ മഹാരഥന്മാരായിരുന്നു ശ്രീലങ്കയുടെ ഇടംകയ്യൻ ഓപ്പണറായിരുന്ന സനത് ജയസൂര്യയും, മുൻ ഇന്ത്യൻ ഓപ്പണറായിരുന്ന ഗൗതം ഗംഭീറും. ഇരുവരും മുഖ്യ പരിശീലകരായി ചുമതലയേൽക്കുന്ന കന്നി പരമ്പരയ്ക്കാണ് ശനിയാഴ്ച പല്ലേക്കലെ സ്റ്റേഡിയത്തിൽ തുടക്കമാകുന്നത്. ഇന്ത്യൻ സമയം രാത്രി എഴ് മണിക്കാണ് മത്സരം ആരംഭിക്കുക.
ഇന്ത്യയെ കുട്ടി ക്രിക്കറ്റിലെ രാജാക്കന്മാരാക്കിയാണ് രാഹുൽ ദ്രാവിഡും രോഹിത് ശർമയും വിരാട് കോഹ്ലിയും ഈ ഫോർമാറ്റിനോട് വിട പറഞ്ഞത്. അവർ കൈമാറുന്ന പ്രതാപം അതേപടിയോ, അതുക്കും മേലെയോ തുടരുകയെന്നതാണ് കോച്ച് ഗൗതം ഗംഭീറിന് മുന്നിലുള്ള യഥാർത്ഥ വെല്ലുവിളി. രാഹുൽ ദ്രാവിഡിന് കീഴിൽ ഇന്ത്യയനുഭവിച്ച ഐസിസി ട്രോഫികളുടെ കുറവ് പരിഹരിക്കുക എന്നത് തന്നെയാണ് മുൻ എംപിയെ കോച്ചായി കൊണ്ടുവരുന്നതിലൂടെ ബിസിസിഐ ലക്ഷ്യമിടുന്നത്.
ടീമിലെ യുവനിരയ്ക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കി നൽകുകയും, അതിലൂടെ വരാനിരിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിക്കായി ടീമിനെ ഒരുക്കുകയുമാണ് ബിസിസിഐ ലക്ഷ്യം വെക്കുന്നത്. ബിസിസിഐ സെക്രട്ടറി അമിത് ഷായുടെ ഇഷ്ടക്കാരനായതിനാൽ ഗംഭീറിൻ്റെ ആശയങ്ങളെ എതിർക്കാൻ സെലക്ടർമാരും വിയർക്കുന്ന സാഹചര്യമുണ്ടാകും. ടീമിൽ പോസിറ്റീവായൊരു മാറ്റം കൊണ്ടുവരാൻ ഗംഭീറാനാകുമോയെന്നത് കാത്തിരുത്ത് കാണേണ്ട കാര്യമാണ്. ടീമിലെ സീനിയർ താരങ്ങളായ വിരാട് കോഹ്ലിയോട് ഉൾപ്പെടെ ഉടക്കിയ ഒരു പഴയ പിന്നാമ്പുറം ഗംഭീറിന് ഉണ്ടെന്നതും ആരും മറക്കാനിടയില്ല. ഹാർദിക് പാണ്ഡ്യയെ തഴഞ്ഞ് സൂര്യകുമാർ യാദവിനെ ടി20 ക്യാപ്റ്റനാക്കിയതിലൂടെ ടീമിൻ്റെ സമ്പൂർണ നിയന്ത്രണം തൻ്റെ കയ്യിലാണെന്ന് ഗംഭീർ തെളിയിച്ചു കഴിഞ്ഞു.
എന്നാൽ, മലയാളി താരം സഞ്ജു സാംസണിനോടുള്ള ഗംഭീറിൻ്റെ മുൻകാല 'പാസ'മെല്ലാം, വീഴ്വാക്കുകളായിരുന്നു എന്ന തിരിച്ചറിവിൻ്റെ ഞെട്ടലിലാണ് സാംസൺ ഫാൻസ്. ഏകദിന ടീമിലേക്ക് കെ.എൽ. രാഹുലിനെ തിരികെയെത്തിച്ച് സഞ്ജുവിനെ പുറത്താക്കാൻ കാണിച്ച മാസ്റ്റർ മൈൻഡ് ആരുടെയാണെങ്കിലും എതിർക്കാൻ ഗംഭീർ മനസ് കാണിച്ചില്ലെന്നിടത്താണ്, ടീമിലെ ഇന്നർ പൊളിറ്റിക്സ് പഴയപടി നിൽക്കുന്നുവെന്ന് ഇന്ത്യൻ ആരാധകർ തിരിച്ചറിയുന്നത്. ടി20 പരമ്പരയിൽ മൂന്നിൽ സഞ്ജു എത്രയെണ്ണം കളിക്കുമെന്ന് മാത്രമെ ഇനി കണ്ടറിയേണ്ടതുള്ളൂ.
പഴയ പ്രതാപകാലത്തെ നിഴലിലാണ് ലങ്കൻ ടീം. അർജുന രണതുംഗെയുടെയും മഹേല ജയവർധനയുടെയും കുമാർ സംഗക്കാരയുടെയും പിന്മുറക്കാർക്ക് ഏഷ്യൻ ക്രിക്കറ്റിൽ പഴയതുപോലെയുള്ള മേധാവിത്തം എടുത്തുപറയാനാകില്ല. രാജ്യത്തെ സാമ്പത്തിക അരക്ഷിതാവസ്ഥയും ലങ്കൻ ക്രിക്കറ്റ് ബോർഡിലെ അഴിമതികളും, രാജ്യത്തെ പുതുതലമുറ ക്രിക്കറ്റർമാരുടെ ഭാവി തുലാസിലാക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദശകം കാണാനായത്. അതിൽ നിന്നൊരു ശക്തമായ തിരിച്ചുവരവിന് യുവതലമുറയ്ക്ക് ബാല്യമുണ്ടോയെന്നാണ് ലങ്കൻ ആരാധകർ കാത്തിരിക്കുന്നത്. ജയസൂര്യക്ക് കീഴിൽ ലങ്കൻ ക്രിക്കറ്റിനും വീണ്ടുമൊരു ഉദയമുണ്ടാകുമോയെന്നാണ് ഏവരും ആക്ഷാംക്ഷയോടെ ഉറ്റുനോക്കുന്നത്. വനിന്ദു ഹസരങ്കയെ മാറ്റി ചരിത് അസലങ്കയെ കൊണ്ടുവന്ന ലങ്കൻ ടീമും പുതിയൊരു തുടക്കത്തിനാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യ vs ശ്രീലങ്ക ടി20 പരമ്പരയുടെ ഷെഡ്യൂൾ
ജൂലൈ 27: ആദ്യ ടി20 (പല്ലേക്കലെ സ്റ്റേഡിയം)
ജൂലൈ 28: രണ്ടാം ടി20 (പല്ലേക്കലെ സ്റ്റേഡിയം)
ജൂലൈ 30: മൂന്നാം ടി20 (പല്ലേക്കലെ സ്റ്റേഡിയം)
ഇന്ത്യ vs ശ്രീലങ്ക ഏകദിനങ്ങളുടെ ഷെഡ്യൂൾ
ഓഗസ്റ്റ് 2: ഒന്നാം ഏകദിനം (കൊളംബോ)
ഓഗസ്റ്റ് 4: രണ്ടാം ഏകദിനം (കൊളംബോ)
ഓഗസ്റ്റ് 7: മൂന്നാം ഏകദിനം (കൊളംബോ)