NEWSROOM

ടേക്ക് ഓഫിനിടെ റൺവേയിലിടിച്ച് വാൽഭാഗത്തിന് കേടുപാട്: വിമാനത്താവളത്തിൽ തിരിച്ചിറക്കി ഇൻഡിഗോ വിമാനം

ബെംഗളൂരുവിലേക്ക് പറക്കാനിരിക്കുകയായിരുന്ന ഇൻഡിഗോ 6E 6054 വിമാനത്തിൻ്റെ വാൽഭാഗമാണ് റൺവേയിൽ ഇടിച്ചത്

Author : ന്യൂസ് ഡെസ്ക്

ഡൽഹി വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെ ഇൻഡിഗോ വിമാനം റൺവേയിൽ ഇടിച്ചതിനെ തുടർന്ന് ടെയിൽ ഭാഗത്ത് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകൾ. ബെംഗളൂരുവിലേക്ക് പറക്കാനിരിക്കുകയായിരുന്ന ഇൻഡിഗോ 6E 6054 വിമാനത്തിൻ്റെ വാൽഭാഗമാണ് റൺവേയിൽ ഇടിച്ചത്. സെപ്റ്റംബർ 9നായിരുന്നു സംഭവം.

പുറത്ത് വന്ന ദൃശ്യങ്ങളിൽ വിമാനത്തിൻ്റെ നീല പെയിൻ്റിൽ നിരവധി വെളുത്ത പോറലുകൾ കാണുന്നുണ്ട്. ഇത് ഗുരുതരമായ ടെയിൽ സ്‌ട്രൈക്ക് ഉണ്ടായി എന്നതിൻ്റെ സൂചനയാണ്. പറന്നുയരുമ്പോഴോ ലാൻഡിംഗിനിടെയോ ഒരു വിമാനത്തിൻ്റെ വാൽ റൺവേയിൽ തൊടുമ്പോഴാണ് ടെയിൽസ്ട്രൈക്ക് സംഭവിക്കുന്നത്. ഇത് ഘടനാപരമായ കേടുപാടുകൾക്ക് ഇടയാക്കാൻ സാധ്യതയുള്ളതു കൊണ്ട് തന്നെ വളരെ അപകടകരമാണ്.

സംഭവം നടന്നയുടൻ തന്നെ പൈലറ്റ് എയർ ട്രാഫിക് കൺട്രോളറെ (എടിസി) ഇക്കാര്യം അറിയിച്ചു, തുടർന്ന് എടിസി ലാൻഡ് ചെയ്യാൻ അനുമതി നൽകുകയായിരുന്നു. തുടർന്ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.

സംഭവത്തിൽ ആർക്കും പരിക്കില്ല. റഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (ഡിജിസിഎ) ഡൽഹി എയർപോർട്ട് അധികൃതരും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി വരികയാണെന്നും വൃത്തങ്ങൾ അറിയിച്ചു. വിഷയത്തിൽ ഇൻഡിഗോ ഇതുവരെ പ്രതികരിച്ചിട്ടില്ല.






















SCROLL FOR NEXT