NEWSROOM

റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ ഇന്തോനേഷ്യൻ പ്രസിഡൻ്റ് മുഖ്യാതിഥിയാകും; നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ഇന്ന്

രാഷ്ട്രത്തലവനെന്ന നിലയിൽ സുബിയാന്തോയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്

Author : ന്യൂസ് ഡെസ്ക്


76-ാമത് ഇന്ത്യൻ റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥിയാകും. ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കുന്ന നാലാമത്തെ ഇന്തോനേഷ്യൻ പ്രസിഡൻ്റാണ് അദ്ദേഹം. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി വ്യാഴാഴ്ച രാത്രിയാണ് ഇന്തോനേഷ്യൻ പ്രസിഡൻ്റ് രാജ്യത്ത് എത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് പ്രബോവോ സുബിയാന്തോ വിവിധ വിഷയങ്ങളിൽ ചർച്ച നടത്തും. പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപം, ആരോഗ്യ സംരക്ഷണം, ഊർജം, കണക്റ്റിവിറ്റി, ടൂറിസം, തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി സഹകരണവും ചർച്ചയിൽ ഉൾപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാഷ്ട്രത്തലവനെന്ന നിലയിൽ സുബിയാന്തോയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.

ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാന്തോ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള സൗഹൃദത്തിൻ്റെ ആഘോഷമായിരിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു.

അതേസമയം, റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാ​ഗമായി രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും. സൈനിക പൊലീസ് മെഡലുകളും ഇന്ന് പ്രഖ്യാപിക്കും. റിപ്പബ്ലിക്ക് പരേഡ് കണക്കിലെടുത്ത് ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

SCROLL FOR NEXT