NEWSROOM

ആധിയായി പകർച്ചവ്യാധികൾ; സംസ്ഥാനത്ത് ഇന്ന് പനിബാധിച്ച് ചികിത്സ തേടിയത് 13196 പേർ

തിരുവനന്തപുരത്തിന് പിന്നാലെ കാസർഗോഡും കോളറ സ്ഥിരീകരിച്ചു

Author : ന്യൂസ് ഡെസ്ക്

കേരളത്തിൽ പകർച്ചവ്യാധികൾ പടരുന്നു. തിരുവനന്തപുരത്തിന് പിന്നാലെ കാസർഗോഡും കോളറ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തിലും കുറവില്ലെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് മാത്രം  13196 പേരാണ് പനിബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടിയത്. 

തിരുവനന്തപുരത്ത് ഇതുവരെ 7 പേർക്കാണ് കോളറ സ്ഥിരീകരിച്ചത്. ഇന്നലെ രണ്ട് പേർക്കും ഇന്ന് അഞ്ചു പേർക്കും രോഗം സ്ഥിരീകരിച്ചു. രോഗികളിൽ മൂന്നുപേർ ഐരാണിമുട്ടം ഐസൊലേഷൻ വാർഡിലും രണ്ടുപേർ മെഡിക്കൽ കോളേജിലും ചികിത്സ തേടിയിട്ടുണ്ട്.

അതേസമയം കാസർഗോഡ് ജില്ലയിലും മൂന്ന് പേർക്ക് കോളറ സ്ഥിരീകരിച്ചു. രണ്ട് തമിഴ്നാട് സ്വദേശികൾക്കും ഒരു കാസർഗോഡ് സ്വദേശിക്കുമാണ് രോഗം പിടിപ്പെട്ടത്. അടുത്തിടെ തമിഴ്‌നാട്ടിൽ ക്ഷേത്ര ദർശനം നടത്തിയ കാസർഗോഡ് സ്വദേശിക്കും അവധിക്ക് നാട്ടിൽ പോയി വന്ന തമിഴ്നാട് സ്വദേശികൾക്കുമാണ് രോഗം കണ്ടെത്തിയത്.

സംസ്ഥാനത്തെ പനി ബാധിതരുടെ എണ്ണത്തിലും കുറവില്ല.  ഇന്ന് മാത്രം പനിബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടിയത് 13196 പേരാണ്. ഇവരിൽ 145 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
416 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിൽ തുടരുകയാണ്.


SCROLL FOR NEXT