NEWSROOM

"കഞ്ചാവ് വേണ്ടവര്‍ 500 നൽകണം"; പണപ്പിരിവ് പൊലീസിനെ അറിയിച്ച് പോളിടെക്‌നിക് കോളേജിലെ വിദ്യാര്‍ഥികളില്‍ ചിലര്‍

ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച വിവരം അറിഞ്ഞതോടെ പൊലീസ് വന്‍ സന്നാഹമായി എത്തി ഹോസ്റ്റലില്‍ റെയ്ഡ് നടത്തുകയായിരുന്നു.

Author : ന്യൂസ് ഡെസ്ക്


എറണാകുളം കളമശേരി പോളിടെക്‌നിക്ക് കോളേജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ് നടത്തിയത് വിദ്യാര്‍ഥികള്‍ തന്നെ നല്‍കിയ രഹസ്യ വിവരത്തിന് പിന്നാലെ. കോളേജില്‍ ഇന്ന് നടക്കാനിക്കുന്ന ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് കോളേജില്‍ പണപ്പിരിവ് നടന്നിരുന്നു. 250 രൂപ മുതല്‍ 500 രൂപ വരെയായിരുന്നു പിരിവ് നടന്നത്.

ഇതില്‍ കഞ്ചാവ് വേണ്ടവര്‍ 500 രൂപ വരെ നല്‍കണമായിരുന്നു. ഇക്കാര്യം വിദ്യാര്‍ഥികളില്‍ ചിലര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കുകയായിരുന്നു. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച വിവരം അറിഞ്ഞതോടെ പൊലീസ് വന്‍ സന്നാഹമായി എത്തി ഹോസ്റ്റലില്‍ റെയ്ഡ് നടത്തുകയായിരുന്നു.

മൂന്ന് പേരാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്. ആലപ്പുഴ സ്വദേശി ആദിത്യന്‍ കൊല്ലം, കൊല്ലം സ്വദേശികളായ ആകാശ്, അഭിരാജ് എന്നിവരാണ് പിടിയിലായത്. ഇതില്‍ പിടിയിലായ അഭിരാജ് കോളേജ് യൂണിയന്‍ ഭാരവാഹിയാണ്. യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിരാജ് മൂന്നാം വര്‍ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്. പിടിയിലായ ആദിത്യന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.

ആകാശിന്‍റെ പക്കൽ നിന്ന് 1.909 കിലോ ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. ആദിത്യന്‍റെയും അഭിരാജിന്‍റെയും പക്കൽ നിന്ന് 9.9 ഗ്രാം വീതമാണ് കണ്ടെടുത്തത്. പിടികൂടിയ കഞ്ചാവിന്‍റെ അളവ് ഒരു കിലോയിൽ കുറവായതിനാൽ ആദിത്യനും അഭിരാജിനും ജാമ്യം ലഭിച്ചു. 

ഇന്നലെ രാത്രിയാണ് ഹോസ്റ്റലില്‍ നിന്ന് പൊലീസ് കഞ്ചാവ് പിടികൂടിയത്. ഹോസ്റ്റലില്‍ നിന്ന് മദ്യവും പിടികൂടി. വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവ് പായ്ക്കറ്റുകളിൽ ആക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. രണ്ട് കിലോ ഗ്രാമോളം കഞ്ചാണ് ഹോസ്റ്റലില്‍ നിന്നും പൊലീസ് പിടികൂടിയത്.

SCROLL FOR NEXT