ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ 
NEWSROOM

രണ്ട് മാസം മുമ്പ് തന്നെ ആസൂത്രണം ചെയ്തു; ഹമാസ് നേതാവിൻ്റെ കൊലപാതവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത്

ഇസ്മയിൽ ഹനിയ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ഇറാനിലെ ഗസ്റ്റ് ഹൗസിലേക്ക് മാസങ്ങൾക്ക് മുൻപായി ബോംബ് എത്തിച്ചിരുന്നതായാണ് റിപ്പോർട്ട്

Author : ന്യൂസ് ഡെസ്ക്

ഹമാസ് മേധാവി ഇസ്മയിൽ ഹനിയയുടെ കൊലപാതകം രണ്ട് മാസത്തിലേറെ മുമ്പ് തന്നെ ആസൂത്രണം ചെയ്തിരുന്നെന്ന് റിപ്പോർട്ട്. ഇസ്മയിൽ ഹനിയ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ഇറാനിലെ ഗസ്റ്റ് ഹൗസിലേക്ക് മാസങ്ങൾക്ക് മുമ്പായി ബോംബ് എത്തിച്ചിരുന്നെന്ന് യുഎസിലെയും ഇറാനിലെയും മിഡിൽ ഈസ്റ്റ് പ്രദേശങ്ങളിലെയും നിരവധി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ഏകദേശം രണ്ട് മാസം മുമ്പ് തന്നെ ഇറാൻ്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് കോർപ്‌സിൻ്റെ (ഐആർജിസി) അധീനതിയാലായിരുന്ന ഗസ്റ്റ് ഹൗസിലേക്ക് ബോംബ് എത്തിച്ചിരുന്നു. ഐആർജിസി അവരുടെ രഹസ്യ മീറ്റിംഗുകൾക്കും പ്രധാനപ്പെട്ട അതിഥികളെ പാർപ്പിക്കുന്നതിനുമായി മാത്രം ഉപയോഗിക്കുന്ന ടെഹ്റാനിലെ ഒരു വലിയ കോമ്പൗണ്ടിനുള്ളിലായിരുന്നു ഗസ്റ്റ് ഹൗസ്.

ഖത്തറിലിരുന്ന് ഹമാസിനെ നയിച്ചിരുന്ന ഇസ്മയിൽ ഹനിയ ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ തെഹ്‌റാനിലെത്തി. ചൊവ്വാഴ്ച ഹനിയ ഗസ്റ്റ് ഹൗസിലെ മുറിയിലാണെന്ന് സ്ഥിരീകരിച്ചതോടെ കൊലയാളികൾ റിമോട്ട് ഉപയോഗിച്ച് ബോംബ് പൊട്ടിച്ചു. വലിയ സ്ഫോടനത്തിൽ കെട്ടിടം കുലുങ്ങി. ഗസ്റ്റ്ഹൗസിൻ്റെ മതിലിൻ്റെ ഒരു ഭാഗവും ജനൽചില്ലുകളും തകർന്നു. കൊലയാളികളുടെ ലക്ഷ്യം നിറവേറി.

കടുത്ത ഇറാനിയൻ സുരക്ഷയെ കടത്തിവെട്ടി ബോംബ് കടത്താനും രണ്ട് മാസത്തോളം മറച്ചുവെക്കാനും കൊലയാളികൾക്ക് എങ്ങനെ കഴിഞ്ഞെന്നത് വ്യക്തമല്ല. ഇത് ഇറാനിയൻ ഉദ്യോഗസ്ഥർക്ക് വലിയ നാണക്കേടാണുണ്ടാക്കിയത്. യുദ്ധം മൂർച്ഛിപ്പിക്കാനുള്ള ഇസ്രയേലിൻ്റെ ഗുരുതര നീക്കമെന്നായിരുന്നു പലസ്തീൻ സംഘം അതിനെ ഹനിയയുടെ കൊലപാതകത്തെ വിശേഷിപ്പിച്ചത്. ഇത് യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളെ തടസപ്പെടുത്തുമെന്നും ഇസ്രയേലിനെതിരെ കൂടുതൽ ആക്രമണം നടത്തുമെന്നും ഹമാസ് ഭീഷണപ്പെടുത്തി.

അതേസമയം, ഇസ്രയേൽ ഇതുവരെ കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. എന്നാൽ ഇസ്രയേൽ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ഈ രഹസ്യ ഓപ്പറേഷൻ്റെ വിശദാംശങ്ങൾ മറ്റ് ഉദ്യോഗസ്ഥരുമായി പങ്കുവെച്ചിരുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു. കൊലപാതക ഗൂഢാലോചനയെക്കുറിച്ച് അമേരിക്കയ്ക്ക് അറിവുണ്ടായിരുന്നെന്ന ആരോപണം യുഎസ് ഉന്നത നയതന്ത്രജ്ഞൻ ആൻ്റണി ബ്ലിങ്കെനും നിഷേധിച്ചിരുന്നു.

SCROLL FOR NEXT