ജീവനക്കാരിൽ ഭൂരിഭാഗവും വർക്ക് ഫ്രം ഹോം തിരഞ്ഞെടുത്തതോടെ കൂടുതൽ ആളുകളെ ഓഫീസിലെത്തിക്കുന്നതിനായി പുതിയ ഉത്തരവുമായി ഇൻഫോസിസ്. ഇൻഫോസിസ് ബുധനാഴ്ച പുറപ്പെടുപ്പിച്ച ഉത്തരവ് പ്രകാരം ജീവനക്കാർ മാസത്തിൽ 10 ദിവസം നിർബന്ധമായും ഓഫീസിൽ വന്ന് ജോലി ചെയ്യണം. ഇതിനായി കമ്പനി പുതിയ ഹാജർ സംവിധാനം നടപ്പിലാക്കും.
2025 മാർച്ച് 10 മുതലാണ് പുതിയ സിസ്റ്റം നടപ്പിലാവുക. ഡിപാർട്മെൻ്റ് റിക്വസ്റ്റുകളേക്കാൾ പ്രോജക്റ്റ് ആവശ്യങ്ങൾക്കാണ് ഈ സിസ്റ്റം മുൻഗണന നൽകുക. വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള അഭ്യർഥന ഇനി ഓട്ടോമാറ്റികായി അംഗീകരിക്കപ്പെടില്ല. ഇൻഫോസിസ് ജീവനക്കാർ നിലവിൽ ഒരു മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് പഞ്ച് അറ്റൻഡൻസ് ചെയ്യുന്നത്. ഇത് വഴി സ്ഥിരമായി വർക്ക് ഫ്രം ഹോം ജോലി ചെയ്യാൻ സാധിക്കും. എന്നാൽ ഇനി മുതൽ ജീവനക്കാർ മാസത്തിൽ 10 ദിവസമെങ്കിലും ഓഫീസ് ലൊക്കേഷനുകളിലെത്തി പഞ്ച് ഇൻ ചെയ്യേണ്ടി വരും. ദേശീയ മാധ്യമമായ 'ദി ഇക്കണോമിക് ടൈംസി'ൻ്റെ റിപ്പോർട്ട് പ്രകാരം, വർക്ക് ഫ്രം ഹോമിൻ്റെ എണ്ണം പരിമിതപ്പെടുത്തണമെന്ന് ഇൻഫോസിസ് മേധാവികൾ ജീവനക്കാരെ മെയിൽ വഴി അറിയിച്ചിട്ടുണ്ട്.
ജോബ് ലെവൽ 5 (JL5) ഉം അതിനു താഴെയുമുള്ള ജീവനക്കാർക്ക് ഈ നിർദേശം ബാധകമാണ്. ടീം ലീഡർമാരാണ് JL5-ൽ ഉൾപ്പെടുന്നത്. തൊട്ടുതാഴെ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ, സീനിയർ എഞ്ചിനീയർമാർ, സിസ്റ്റം എഞ്ചിനീയർമാർ, കൺസൾട്ടന്റുകൾ എന്നിവർ ഉൾപ്പെടുന്നു.
കോവിഡ്-19 മഹാമാരിയും തുടർന്നുള്ള ലോക്ക്ഡൗണുമാണ് ഐടി മേഖലയെ വർക്ക് ഫ്രം ഹോം രീതിയിലേക്കെത്തിച്ചത്. ലോകമെമ്പാടുമുള്ള ടെക്‌നോളജി കമ്പനികൾ ജോലി മുടങ്ങാതിരിക്കാനായി വർക്ക് ഫ്രം ഹോം മോഡിലേക്ക് മാറി. എന്നാൽ താമസിയാതെ, മന്ദഗതിയിലുള്ള ബിസിനസ് അന്തരീക്ഷം, ടീം വർക്കിൻ്റെ അഭാവം എന്നിവ റിപ്പോർട്ട് ചെയ്തുതുടങ്ങി. തുടർന്നാണ് ഇൻസോഫിസും മറ്റ് ടെക് കമ്പനികളും വർക്ക് ഫ്രം ഓഫീസ് നയങ്ങൾ കൊണ്ടുവരാൻ തീരുമാനിച്ചത്.