NEWSROOM

മെമ്മറി കാർഡിൽ അന്വേഷണം: ഹർജി പരിഗണിക്കുന്നത് ഓഗസ്റ്റ് എട്ടിലേക്ക് മാറ്റി

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അനധികൃമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആവശ്യപ്പെടുന്ന ഹർജി ഹൈക്കോടതി വിശദവാദത്തിനായി ഓഗസ്റ്റ് എട്ടിലേക്ക് മാറ്റി

Author : ന്യൂസ് ഡെസ്ക്

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അനധികൃമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആവശ്യപ്പെടുന്ന ഹർജി ഹൈക്കോടതി വിശദവാദത്തിനായി ഓഗസ്റ്റ് എട്ടിലേക്ക് മാറ്റി. മെമ്മറി കാർഡുമായി ബന്ധപ്പെട്ട ആരോപണം അന്വേഷിച്ച പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ റിപ്പോർട്ട് റദ്ദാക്കണമെന്നും കോടതി മേൽനോട്ടത്തിൽ പൊലീസ് അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് ഇരയായ നടി നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

പരാതിക്കരിയായ തന്നെ മാറ്റി നിർത്തി അതീവരഹസ്യമായി നടത്തിയ അന്വേഷണ റിപ്പോർട്ട് റദ്ദാക്കി, ഐജി റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥനോട് കേസ് അന്വേഷിക്കാൻ കോടതി നിർദ്ദേശിക്കണമെന്നാണ് ആവശ്യം. വസ്തുതാന്വേഷണ റിപ്പോർട്ട് സഹപ്രവർത്തകരെ സംരക്ഷിക്കാൻ ഉള്ളതാണെന്നും തെളിവ് കസ്റ്റഡിയിലെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് പോലും അയയ്ക്കാതെ, മൊഴി അതേപടി വിശ്വസിച്ച് റിപ്പോർട്ട് തയ്യാറാക്കി എന്നാണ് അതിജീവിതയുടെ ആരോപണം.

ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്നെന്ന ആരോപണത്തിൽ ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടന്നത്. കേസിലെ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചുവെന്ന അതിജീവിതയുടെ ആരോപണം ശരിവെച്ച് ജില്ലാ ജഡ്‌ജിയുടെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. മൂന്ന് കോടതിയിലും മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചു എന്നാണ് കണ്ടെത്തൽ. അങ്കമാലി മജിസ്‌ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്‌ജിയുടെ പി എ മഹേഷ്, വിചാരണ കോടതി ശിരസ്തദാർ താജുദ്ദീൻ എന്നിവർക്കെതിരെയായിരുന്നു കണ്ടെത്തൽ. 2018ൽ അങ്കമാലി മജിസ്ട്രേറ്റ് മെമ്മറി കാർഡ് സ്വകാര്യ കസ്റ്റഡിയിലാണ് സൂക്ഷിച്ചത്. അങ്ങനെ സൂക്ഷിക്കാമെന്ന ധാരണയിലാണ് അത് ചെയ്തതെന്നാണ് മൊഴി.

SCROLL FOR NEXT