ഈ പ്രപഞ്ചമുണ്ടായതെങ്ങനെയെന്ന് മനുഷ്യരാശിക്ക് ഇനിയും കൃത്യമായ ഉത്തരം കണ്ടെത്താനാകാത്ത ചോദ്യമാണ്. ശാസ്ത്രത്തിന്‍റെ വിവിധ ശാഖകള്‍ ആ നിഗൂഢതയ്ക്ക് ഉത്തരം തേടിയുള്ള യാത്ര തുടരുമ്പോള്‍, ചെെനയിലെ ജൂണോ ലാബും ആ ദൗത്യത്തിലെ നിർണായക പങ്കാളിയാണ്.
ജിയാങ്‌മെൻ അണ്ടർഗ്രൌണ്ട് ന്യൂട്രിനോ ഒബ്സർവേറ്ററി, അതാണ് ജൂണോ. പേരിലുള്ളത് പോലെ തന്നെ ഭൂമിക്കടിയില്‍ പ്രവർത്തിക്കുന്ന ഒരു ഫിസിക്സ് ലാബ് ആണത്. 2,300 അടി താഴ്ചയില്‍ ഗോളാകൃതിയിലുള്ള ഈ പ്രത്യേക ലാബില്‍ ന്യൂട്രിനോകൾ എന്നറിയപ്പെടുന്ന ആണവ കണികകളിലാണ് പഠനം നടക്കുന്നത്.
300 ദശലക്ഷം അമേരിക്കന്‍ ഡോളർ ചെലവില്‍ നിർമിച്ച ലാബ് ചൈനയുടെ തെക്കൻ ഗ്വാങ്‌ഡോങ് പ്രവിശ്യയിലാണുള്ളത്. റഷ്യ, ഫ്രാന്‍സ്, ഇറ്റലി എന്നിങ്ങനെ ലോകത്തിന്‍റെ വിവിധ കോണുകളിലുള്ള മറ്റ് ഭൗതികശാസ്ത്രജ്ഞരുമായി ചേർന്ന് ചെെനീസ് സയന്‍റിസ്റ്റുകള്‍ ഗുവാങ്‌ഡോംഗിലെ രണ്ട് ആണവ നിലയങ്ങളില്‍ നിന്നുള്ള അറ്റോമിക് കണങ്ങളില്‍ ആറു വർഷമായി പഠനം നടത്തിവരികയാണ്.
ഇതിനു പുറമെ, സൂര്യനിൽ നിന്നുള്ള ന്യൂട്രിനോ കണങ്ങളുടെ തത്സമയ നിരീക്ഷണവും, ഭൂമിക്കടിയിലെ യുറേനിയത്തിൻ്റെയും തോറിയത്തിൻ്റെയും റേഡിയോ ആക്ടിവിറ്റി പ്രക്രിയയും ഈ പഠനത്തിന് ആധാരമാകുന്നുണ്ട്.
മനുഷ്യശരീരം അടക്കം ലോകത്തിലെ എല്ലാ ഭൗതിക വസ്തുക്കളിലൂടെയും, ഓരോ സെക്കന്‍ഡിലും കോടാനുകോടി ന്യൂട്രിനോകളാണ് കടന്നു പോകുന്നത്. ഇവയുടെ ഭാരം ഉള്‍പ്പടെ കണക്കാക്കിയുള്ള പഠനത്തില്‍ നിന്ന് പ്രപഞ്ചത്തിൻ്റെ ആദ്യ നാളുകളിലെ സബ് അറ്റോമിക് പ്രക്രിയകളെക്കുറിച്ച് സൂചന ലഭിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍. 2025ഓടെ പഠനത്തില്‍ നിന്ന് നിർണായക കണ്ടെത്തലുകളുണ്ടായേക്കുമെന്ന പ്രതീക്ഷയിലാണ് ചെെന.