NEWSROOM

രഹസ്യബന്ധം പിടികൂടി; ഭർത്താവിനെ യുട്യൂബറായ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി അഴുക്കുചാലില്‍ തള്ളി

ഒന്നരവർഷം മുന്‍പ് ഇന്‍സ്റ്റഗ്രാം വഴിയാണ് ഹിസാർ സ്വദേശിയും യൂട്യൂബറുമായ സുരേഷുമായി രവീണ സൗഹൃദത്തിലാകുന്നത്. ഇരുവരും ഒന്നിച്ചുള്ള റീല്‍സുകളെ ചൊല്ലി ദമ്പതികള്‍ നിരന്തരം തർക്കിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

ഹരിയാനയിലെ ഭിവാനിയിൽ രഹസ്യബന്ധം പിടികൂടിയ ഭർത്താവിനെ യുട്യൂബറായ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി അഴുക്കുചാലില്‍ തള്ളി. മാർച്ച് 25നാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. പ്രതികള്‍ മൃതദേഹവുമായി ബൈക്കില്‍ സഞ്ചരിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് കേസിലെ നിർണായക തെളിവായത്.


ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറായ ഭാര്യ രവീണയെയും ഒപ്പം, വീഡിയോകള്‍ ചെയ്തിരുന്ന സുരേഷ് എന്ന യുവാവിനെയും ഭർത്താവ് പ്രവീൺ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ കണ്ടതാണ് സംഭവങ്ങളുടെ തുടക്കം. ഇതേതുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ ദുപ്പട്ട ഉപയോഗിച്ച് രവീണ ഭർത്താവിനെ ശ്വാസം മുട്ടിച്ചുകൊന്നു. വീട്ടില്‍ തുടർന്ന രവീണ, പ്രവീണ്‍ എവിടെയെന്ന ബന്ധുക്കളുടെ ചോദ്യത്തിന് തനിക്കറിയില്ലെന്ന് മറുപടി നൽകി.

മൂന്നുദിവസത്തെ അന്വേഷണത്തിന് ശേഷം 6 കിലോമീറ്റർ അകലെയുള്ള ഒരു അഴുക്കുചാലില്‍ നിന്നാണ് ഹരിയാന പൊലീസ് പ്രവീണിന്‍റെ മൃതദേഹം വീണ്ടെടുത്തത്. പ്രവീണിന്‍റെ കുടുംബത്തിന്‍റെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ നിർണ്ണായകമായ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുത്തു.

ഭിവാനിയിലെ ദമ്പതികളുടെ വീടിനുസമീപത്ത് മാർച്ച് 25 രാത്രി ദുരൂഹസാഹചര്യത്തില്‍ ഒരു ബൈക്കെത്തിയിരുന്നു. നൂറോളം സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചുള്ള അന്വേഷണത്തില്‍ മാർച്ച് 26 ന് പുലർച്ചെ 12.30 ഓടെ മൂന്നുപേരുമായി, പോയ ഈ ബൈക്ക് രണ്ടുപേരുമായി മടങ്ങുന്നത് കണ്ടെത്തി. മുന്നില്‍ ഹെല്‍മറ്റ് ധരിച്ചിരുന്നത് സുരേഷ് പിന്നില്‍ രവീണ. ഇരുവർക്കുമിടയ്ക്ക് പ്രവീണിന്‍റെ മൃതദേഹം.

ചോദ്യം ചെയ്യലില്‍ രവീണ കുറ്റസമ്മതം നടത്തി. ഒന്നരവർഷം മുന്‍പ് ഇന്‍സ്റ്റഗ്രാം വഴിയാണ് ഹിസാർ സ്വദേശിയും യൂട്യൂബറുമായ സുരേഷുമായി രവീണ സൗഹൃദത്തിലാകുന്നത്. ഇരുവരും ഒന്നിച്ചുള്ള റീല്‍സുകളെ ചൊല്ലി ദമ്പതികള്‍ നിരന്തരം തർക്കിച്ചിരുന്നു. 2017ലാണ് പ്രവീണും രവീണയും വിവാഹിതരായത്. ഇവർക്ക് ആറുവയസുള്ള ഒരു മകനുണ്ട്. ഡ്രൈവറായിരുന്ന ഭർത്താവ് പ്രവീണ്‍ സ്ഥിരമദ്യപാനിയായിരുന്നുവെന്ന് രവീണ പറയുന്നു. ഇൻസ്റ്റഗ്രാമിൽ 34,000-ത്തിലധികം ഫോളോവേഴ്‌സും യൂട്യൂബ് ചാനലിൽ 5,000-ത്തിലധികം സബ്സ്ക്രൈബേഴ്സുമുള്ളയുടെ രവീണയുടെ വീഡിയോകളില്‍ ഭൂരിഭാഗവും കുടുംബപ്രശ്നങ്ങളുടെ ഹാസ്യാവതരണമാണ്.

SCROLL FOR NEXT