ഇൻസ്റ്റഗ്രാം റീലുകളിൽ സെൻസിറ്റീവ്, വയലൻ്റ് കണ്ടൻ്റുകൾ വർധിക്കുന്നെന്ന പരാതിയുമായി ഉപയോക്താക്കൾ. ലോകമെമ്പാടുമുള്ള ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ അവരുടെ റീൽ ഫീഡുകളിൽ അസ്വസ്ഥതയുളവാക്കുന്ന റീലുകൾ പ്രത്യക്ഷപ്പെടുന്നതായി പറയുന്നു. ഇതുസംബന്ധിച്ച് പരാതികളാൽ നിറഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ്.
രക്തം ചിന്തുന്ന അടിപിടികൾ, സെൻസർ ചെയ്ത ബോഡിക്യാം ഫൂട്ടേജുകൾ, അസ്വസ്തയുളവാക്കുന്ന മരണങ്ങൾ, ഇങ്ങനെ നീളുന്നു ഇൻസ്റ്റഗ്രാം റീലുകളിലെ സെൻസിറ്റീവ് കണ്ടൻ്റുകൾ. സെൻസിറ്റീവ് കണ്ടൻ്റ് കൺട്രോൾ എനേബിൾ ചെയ്തവരുടെ ഫീഡിൽ പോലും അക്രമാസക്തവും നോട്ട് സേഫ് ഫോർ വർക്ക് (എൻഎസ്എഫ്‌ഡബ്ല്യൂ കണ്ടൻ്റുകളും പ്രത്യക്ഷപ്പെട്ടു. ഇതോടെ പരിഭ്രാന്തരായ ഇൻസ്റ്റഗ്രാം യൂസേഴ്സ് എക്സിലെത്തി അവരുടെ ആശങ്ക പങ്കുവെച്ചു.
"ഇൻസ്റ്റാഗ്രാമിന് എന്തുപറ്റി? മറ്റാരെങ്കിലും ഇത് ശ്രദ്ധിക്കുന്നുണ്ടോ? കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി, എൻ്റെ ഫീഡിൽ അക്രമാസക്തമായ റീലുകൾ വന്നു തുടങ്ങി. മറ്റാരെങ്കിലും ഇത് അനുഭവിക്കുന്നുണ്ടോ? അതോ ഇത് എനിക്ക് മാത്രമാണോ? ഇത് ഒരു ടെക്നിക്കൽ തകരാറാണോ അതോ വിചിത്രമായ അൽഗോരിതം ചെയ്ഞ്ചാണോ എന്നാണ് എൻ്റെ സംശയം," ഒരു ഉപയോക്താവ് എക്സിൽ പോസ്റ്റ് ചെയ്തു. “ഓരോ സ്ക്രോളുകളിലും ഞാൻ കാണുന്നത് സെൻസിറ്റീവും അക്രമാസക്തവുമായ കണ്ടൻ്റുകൾ മാത്രമാണ്. പലരും മെറ്റയിൽ നിന്നും ഇൻസ്റ്റാഗ്രാമിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്," മറ്റൊരാൾ കുറിച്ചു. കുട്ടികളുടെ ഫോണുകളിൽ നിന്ന് മാതാപിതാക്കളും ഉടൻ തന്നെ ഇൻസ്റ്റഗ്രാം നീക്കം ചെയ്യണമെന്ന മുന്നറിയിപ്പും ഉയർന്നു.
ഇൻസ്റ്റഗ്രാമിൽ സെൻസിറ്റീവ് കണ്ടൻ്റുകൾ വർധിക്കാൻ കാരണമെന്താണെന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങളും പരാതികൾക്കൊപ്പം വർധിക്കുന്നുണ്ട്. വിഷയത്തിൽ മെറ്റ ഇതുവരെ ഒരു ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല. എന്നാൽ ഇൻസ്റ്റാഗ്രാമിലെ മോഡറേഷൻ സിസ്റ്റത്തിലെ തകരാറായാരിക്കാം ഇതിന് കാരണമെന്നാണ് വിദഗ്ദരുടെ പക്ഷം. അൽഗോരിതത്തിൽ അപ്രതീക്ഷിതമായുണ്ടായ മാറ്റമാണ് മറ്റൊരു സാധ്യത.