NEWSROOM

യുഡിഎഫിന്‍റേത് കലാപ ശ്രമം; ആരോപണങ്ങളില്‍ അന്വേഷണം നടക്കുന്നുണ്ട്: വി. ശിവന്‍കുട്ടി

ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിക്കുമെതിരെ യുഡിഎഫ് നടത്തുന്ന പ്രതിഷേധങ്ങളെ മന്ത്രി വിമർശിച്ചു.

Author : ന്യൂസ് ഡെസ്ക്

എഡിജിപി- ആർഎസ്എസ് നേതാവ് കൂടിക്കാഴ്ചയില്‍ പ്രതികരിച്ച് മന്ത്രി വി. ശിവന്‍കുട്ടി. ഉയർന്ന ആരോപണങ്ങളിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് വരുന്നതിനുമുമ്പ് യുഡിഎഫ് നടത്തുന്നത് കലാപം ഉണ്ടാക്കാനുള്ള ശ്രമമാണെന്നും മന്ത്രി പറഞ്ഞു.


ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിക്കുമെതിരെ യുഡിഎഫ് നടത്തുന്ന പ്രതിഷേധങ്ങളെ മന്ത്രി വിമർശിച്ചു. കേരളത്തെ കലാപഭൂമിയാക്കാനുള്ള ഗൂഢാലോചന പ്രതിപക്ഷ നേതാവിന്‍റെയും കെപിസിസി അധ്യക്ഷന്‍റെയും നേതൃത്വത്തിൽ നടത്തിക്കൊണ്ടിരിക്കുന്നു. അതാണ് കേരളത്തിൽ രണ്ട് ദിവസമായി നടക്കുന്നത്. വിഷയത്തില്‍ കൂടുതല്‍ ഒന്നും സംസാരിക്കാനില്ലെന്നും കാര്യങ്ങളെല്ലാം പാർട്ടി സെക്രട്ടറി പറഞ്ഞിട്ടുണ്ട്. അതിനപ്പുറം തനിക്കൊന്നും പറയാനില്ല - ശിവന്‍കുട്ടി പറഞ്ഞു.

ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലെയുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി സമ്മതിച്ച വിഷയത്തില്‍ ശിവന്‍കുട്ടി പ്രതികരിച്ചില്ല. എഡിജിപി പറഞ്ഞ കാര്യം തനിക്കറിയില്ലെന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ സന്ദേശം കൈമാറാനാണ് കൂടിക്കാഴ്ച എന്ന കെ. മുരളീധരന്‍റെ പ്രതികരണം അദ്ദേഹത്തിന്‍റെ മാത്രം അഭിപ്രായമാണെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. 

അതേസമയം, തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ അന്വേഷണ റിപ്പോർട്ട് പുറത്ത് വിടണമെന്ന് സിപിഐ നേതാവ് വി.എസ്. സുനില്‍കുമാർ ആവശ്യപ്പെട്ടു. ഇപ്പോഴും തൃശൂർ പൂരം കലക്കിയത് വി.എസ്. സുനില്‍കുമാറാണെന്നാണ് ബിജെപിയും ആർഎസ്എസും ജില്ലയില്‍ പ്രചരിപ്പിക്കുന്നത്. ബിജെപിയുടെ വിജയത്തിനു വേണ്ടിയാണ് പൂരം കലക്കിയതെന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്. പൂരം അലങ്കോലപ്പെടുത്തിയതില്‍ ഒരു കക്ഷി ആരാണെന്ന് വ്യക്തമായിട്ടുണ്ട്. അടുത്ത കക്ഷി ആരാണെന്ന് പുറത്ത് വരട്ടെയെന്നും സുനില്‍കുമാർ പറഞ്ഞു. 

SCROLL FOR NEXT