NEWSROOM

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്‌ അന്താരാഷ്ട്ര ക്രിമിനൽ കോടതി

നേരത്തെ തന്നെ ഇതിനുള്ള അപേക്ഷ അന്താരാഷ്ട്ര ക്രിമിനൽ കോടതി മുന്നോട്ട് വെച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്


ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെയും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റിനുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായി റിപ്പോർട്ട്. ഗാസയിലും ലബനനിലും നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലാണ് യുദ്ധക്കുറ്റങ്ങൾ ചുമത്തി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നേരത്തെ തന്നെ ഇതിനുള്ള അപേക്ഷ അന്താരാഷ്ട്ര ക്രിമിനൽ കോടതി മുന്നോട്ട് വെച്ചിരുന്നു.

കൊലപാതകം, പീഡനം, മനുഷ്യത്വരഹിതമായ പ്രവൃത്തികൾ എന്നിവയുൾപ്പെടെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളാണ് ഇരുവർക്കുമെതിരെ ഉന്നയിച്ചിരിക്കുന്നത്. അതുപോലെ തന്നെ യുദ്ധത്തിൻ്റെ ഭാഗമായി ഭക്ഷണം, വെള്ളം, മരുന്ന്, വൈദ്യസഹായം തുടങ്ങിയവ നിഷേധിച്ച് ഗാസയിലെ ജനങ്ങളെ പട്ടിണിയിലേക്ക് നയിച്ചെന്നും കോടതി വിലയിരുത്തി. ഇത് കടുത്ത മാനുഷിക പ്രതിസന്ധികളിലേക്കും കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ മരണങ്ങളിലേക്കും നയിച്ചുവെന്നും കോടതി പറഞ്ഞു.

ഇസ്രയേല്‍, ഗാസ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളില്‍ നടക്കുന്ന അന്താരാഷ്ട്ര കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ച തെളിവുകള്‍ ആശങ്കയുയര്‍ത്തുന്നവയാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണത്തിനിടെയുണ്ടായ ലൈംഗികാതിക്രമങ്ങളുടെ റിപ്പോര്‍ട്ടുകളും ഗാസയിലെ കൊലപാതകങ്ങളും കോടതിയുടെ പരിഗണനയിലുണ്ടായിരുന്നു.

SCROLL FOR NEXT