ആഭ്യന്തര സംഘർഷം രൂക്ഷമായതോടെ വീണ്ടും യുദ്ധക്കളമായി മണിപ്പൂർ. ക്രമസമാധാന പാലനം പരാജയപ്പെട്ടതോടെ തലസ്ഥാനമായ ഇംഫാലിലടക്കം പ്രക്ഷോഭം രൂക്ഷമാവുകയാണ്. ഇംഫാലിൽ കഴിഞ്ഞദിവസം മെയ്‌ത്തി വിഭാഗം വിദ്യാർഥികളും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പരുക്കേറ്റവരുടെ എണ്ണം 50 ആയി. പ്രക്ഷോഭത്തെ തുടർന്ന് സംസ്ഥാനത്ത് ഇൻ്റർനെറ്റ് സേവനം സെപ്റ്റംബർ 15 വരെ റദ്ദാക്കുകയും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി നീട്ടുകയും ചെയ്തിട്ടുണ്ട്. ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, തൗബൽ എന്നീ മൂന്നു ജില്ലകളിൽ കഴിഞ്ഞദിവസം അനിശ്ചിതകാല നിരോധനാജ്ഞ ഏർപെടുത്തിയിരുന്നു.
ഡിജിപി, സുരക്ഷ ഉപദേഷ്‌ടാവ് എന്നിവരെ പുറത്താക്കുക, കേന്ദ്രസേനയെ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ അംഗീകരിക്കാൻ വിദ്യാർഥികൾ ഗവർണർക്കും മുഖ്യമന്ത്രിക്കും നൽകിയ സമയം അവസാനിച്ചതോടെയാണ് അക്രമം പുനരാരംഭിച്ചത്. ഖ്വൈരംബന്ദ് വനിതാ മാർക്കറ്റിൽ ക്യാമ്പ് ചെയ്ത വിദ്യാർഥികൾ രാജ്ഭവനിലേക്കും മുഖ്യമന്ത്രിയുടെ വസതിയിലേക്കും മാർച്ച് നടത്തിയതും സംഘർഷത്തിൽ കലാശിച്ചിരുന്നു. മെയ്‌ത്തി വനിതാ സംഘം മെയ്‌ര പെയ്‌ബികളും വിദ്യാർഥികളെ അനുഗമിച്ചു. തുടർന്ന് പ്രക്ഷോഭകരെ നേരിട്ട സുരക്ഷാസേന ഗ്രനേഡും കണ്ണീർ വാതകവും പ്രയോഗിച്ചു. പ്രതിഷേധക്കാർ കല്ലുകളും മാർബിൾ കഷണങ്ങളും കൊണ്ട് സുരക്ഷാ സേനയെ ആക്രമിച്ചുവെന്ന് സൈന്യവും വ്യക്തമാക്കി.
ALSO READ: 'സമാധാനം പുനഃസ്ഥാപിക്കാൻ കഴിഞ്ഞില്ല, കേന്ദ്ര സേനയെ പിൻവലിക്കണം'; ഇംഫാലിൽ പ്രതിഷേധവുമായി വിദ്യാർഥികൾ
വംശീയ കലാപം രൂക്ഷമാകുന്ന സാഹചര്യത്തിൽ രണ്ടായിരത്തോളം പേർ അടങ്ങുന്ന രണ്ട് അധിക സിആർപിഎഫ് ബറ്റാലിയനുകളെ കൂടി മണിപ്പൂരിൽ വിന്യസിക്കാൻ കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു. എന്നാൽ കുക്കി ഭൂരിപക്ഷ മേഖലകളിൽ നിന്ന് അസം റൈഫിൾസിനെ പിൻവലിച്ച് സിആർപിഎഫിനെ വിന്യസിക്കുന്നതിൽ കുക്കി വിഭാഗം ആശങ്കയിലാണ്. കുക്കി മേഖലകളിലേക്ക് തീവ്ര മെയ്‌ത്തി വിഭാഗങ്ങൾ ഇരച്ചു കയറുന്നത് ചെറുക്കുന്ന, അസം റൈഫിൾസിനെ പിൻവലിക്കുന്നത് കുക്കികളുടെ വംശീയ ഉന്മൂലനത്തിനാണെന്ന് ചൂണ്ടിക്കാട്ടി കുക്കി വനിതകൾ രാത്രി പ്രതിഷേധ റാലി നടത്തി.
റൈഫിളുകൾക്കും ഗ്രനേഡുകൾക്കും പുറമേ ഡ്രോണുകളും ചെറിയ റോക്കറ്റുകളും പോലുള്ള ആധുനിക ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങളാണ് മെയ്തേയ്-കുക്കി വിഭാഗങ്ങൾക്കിടെ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെടാൻ കാരണമായത്. ഇംഫാലിലെ ഡ്രോൺ ആക്രമണങ്ങളിൽ അഞ്ചംഗ സമിതിയുടെ അന്വേഷണ റിപ്പോർട്ട് മറ്റന്നാൾ സമർപ്പിക്കും. ഡ്രോൺ ആക്രമണങ്ങൾ സംബന്ധിച്ച കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറിയേക്കും.