NEWSROOM

എക്സ്പ്രസ് പാളം തെറ്റിക്കാനുള്ള ശ്രമം; തുടർക്കഥ, തീവ്രവാദ ബന്ധമോ..?

സമീപകാലത്ത് രാജ്യത്ത് 17 ട്രെയിൻ അട്ടിമറി ശ്രമങ്ങളുണ്ടായെന്നാണ് നിഗമനം

Author : ന്യൂസ് ഡെസ്ക്

ഉത്തർപ്രദേശ് കാൺപൂരിൽ കാളിന്ദി എക്സ്പ്രസ് പാളം തെറ്റിക്കാനുള്ള ശ്രമത്തിന് പിന്നാലെ തീവ്രവാദ ബന്ധം സംശയിച്ച് അന്വേഷണ ഏജൻസികൾ. എൻ.ഐ.എയും എ.ടി .എസും സംഭവത്തിൽ അന്വേഷണം തുടരുകയാണ്. സമീപകാലത്ത് രാജ്യത്ത് 17 ട്രെയിൻ അട്ടിമറി ശ്രമങ്ങളുണ്ടായെന്നാണ് നിഗമനം.

ജൂലൈ മുതൽ രാജ്യത്തുണ്ടായ 17 ട്രെയിൻ അപകടങ്ങളെല്ലാം അട്ടിമറി ശ്രമങ്ങളാണോ എന്നാണ് അന്വേഷിക്കുന്നത്. ഓഗസ്റ്റ് മാസം അഞ്ച് ട്രെയിനുകൾക്ക് നേരെ പാളം തെറ്റിക്കാൻ ശ്രമം നടന്നു. വാരണാസിയിൽ നിന്ന് സബർമതിയിലേക്ക് പോവുകയായിരുന്ന സബർമതി എക്സ്പ്രസിൻ്റെ 22 കോച്ചുകൾ കാൺപൂരിൽ പാളം തെറ്റിയിരുന്നു. ട്രാക്കിൽ സ്ഥാപിച്ച പാറക്കല്ലിൽ ഇടിച്ചായിരുന്നു അപകടം. അലോയ് വീൽ, മരക്കഷ്ണം, സിമൻ്റ് കട്ട, മോട്ടോർ സൈക്കിളിൻ്റെ ഭാഗങ്ങൾ, എൽപിജി സിലിണ്ടർ എന്നിവയെല്ലാം പാളത്തിൽ വെച്ച് അപകടമുണ്ടാക്കാൻ ശ്രമിച്ചതായാണ് കണ്ടെത്തൽ.

ഇത്തരം സംഭവങ്ങൾ തുടർക്കഥയായതോടെ ഭീകര ബന്ധം സംശയിക്കുകയാണ് അന്വേഷണ ഏജൻസികൾ. പാക് തീവ്രവാദി ഫർഹത്തുള്ള ഘോറി ടെലഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ അന്വേഷണസംഘത്തിന്‍റെ സംശയം ബലപ്പെടുത്തി. ഇന്ത്യയിൽ വ്യാപക ട്രെയിൻ അട്ടിമറികൾ നടത്താനാണ് ഘോറി വീഡിയോയിൽ ആവശ്യപ്പെടുന്നത്.

ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനത്തിന് പിന്നിലെ ബുദ്ധികേന്ദ്രം ഇയാളാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഞായറാഴ്ച രാവിലെയാണ് കാൺപുർ കാസ്ഗഞ്ച് റൂട്ടിൽ കാളിന്ദി എക്‌പ്രസ് പാളം തെറ്റിക്കാനുള്ള ശ്രമമുണ്ടായത്. പാളത്തിൽ എൽപിജി സിലിണ്ടർ വെച്ച് അപകടമുണ്ടാക്കാനായിരുന്നു ശ്രമം. ലോക്കോ പൈലറ്റിൻ്റെ ജാഗ്രത മൂലം അപകടം ഒഴിവായി. ഞായറാഴ്ച രാത്രി അജ്മീറിലും 70 കിലോ ഭാരമുള്ള സിമൻ്റ് കട്ടകൾ വെച്ച് ട്രെയിൻ പാളം തെറ്റിക്കാനുള്ള ശ്രമമുണ്ടായി.

SCROLL FOR NEXT