NEWSROOM

സാമ്പത്തിക തട്ടിപ്പ് ; RDX സിനിമ നിർമാതാക്കള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

ലാഭവിഹിതവും കണക്കും നൽകിയില്ലെന്ന ചിത്രത്തിന്‍റെ സഹനിര്‍മാതാവായ അഞ്ജന എബ്രഹാമിന്‍റെ പരാതിയിലാണ് നടപടി

Author : ന്യൂസ് ഡെസ്ക്

സാമ്പത്തിക തട്ടിപ്പ് പരാതിയില്‍ ആര്‍ഡിഎക്സ് സിനിമ നിര്‍മാതാക്കള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. വീക്കെന്‍ഡ് ബ്ലോക്ബസ്റ്റേഴ്സ് നിര്‍മാണ കമ്പനിയുടെ ഉടമകളായ സോഫിയ പോള്‍, ജയിംസ് പോള്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് തൃപ്പൂണിത്തുറ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ലാഭവിഹിതവും കണക്കും നൽകിയില്ലെന്ന ചിത്രത്തിന്‍റെ സഹനിര്‍മാതാവായ അഞ്ജന എബ്രഹാമിന്‍റെ പരാതിയിലാണ് നടപടി.

ആറു കോടി രൂപയാണ് സിനിമക്കായി മുടക്കിയതെന്ന് അഞ്ജന എബ്രഹാമിന്‍റെ പരാതിയില്‍ പറയുന്നു. 30 ശതമാനം ലാഭവിഹിതമായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ വാഗ്ദാനം ചെയ്ത ലാഭവിഹിതമോ മുടക്കിയ പണത്തിന്റെ കണക്കോ നൽകിയില്ലെന്നാരോപിച്ച് പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ല. പിന്നീട് കൊച്ചി സിറ്റി പൊലീസ് കമ്മിഷണറെ സമീപിച്ചെങ്കിലും പരാതി സ്വീകരിക്കാൻ തയാറായില്ല. എതിര്‍ കക്ഷികള്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്തുന്നു എന്നും പരാതിയില്‍ ആരോപിക്കുന്നു.

ALSO READ : ആവശ്യപ്പെട്ടത് ഒരു കോടിയിലേറെ നഷ്ടപരിഹാരം, ആര്‍ഡിഎക്‌സ് സംവിധായകനെതിരെ സോഫിയ പോള്‍


ഷെയ്ന്‍ നിഗം, ആന്‍റണി വര്‍ഗീസ്, നീരജ് മാധവ്, ബാബു ആന്‍റണി എന്നിവര്‍ അണിനിരന്ന ആക്ഷന്‍ സിനിമയായിരുന്നു ആര്‍ഡിഎക്സ്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു.

SCROLL FOR NEXT