വി.ഡി. സതീശൻ 
NEWSROOM

അന്വേഷണം പ്രഹസനം, മുഖ്യമന്ത്രി ആരോപണവിധേയരുടെ ചൊൽപ്പടിയിൽ: വി.ഡി. സതീശൻ

ആരോപണ വിധേയനായ ആളുകളെ നിലനിർത്തി കൊണ്ടാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. ഇത് കേട്ട് കേൾവി ഇല്ലാത്ത കാര്യമാണെന്നും വി.ഡി. സതീശൻ ആരോപിച്ചു

Author : ന്യൂസ് ഡെസ്ക്

പി.വി. അൻവറിൻ്റെ ആരോപണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആരോപണവിധേയനായ ആളുകളെ നിലനിർത്തി കൊണ്ടാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. ഇത് കേട്ട് കേൾവി ഇല്ലാത്ത കാര്യമാണെന്നും വി.ഡി. സതീശൻ ആരോപിച്ചു. എഡിജിപി എം.ആർ. അജിത് കുമാറിനെ നിലനിർത്തി കൊണ്ട് താഴ്ന്ന ഉദ്യോഗസ്ഥർ അടങ്ങിയ സംഘം അന്വേഷണം നടത്തുന്നു. ആരോപണ വിധേയരായവരെ മുഖ്യമന്ത്രി ഭയക്കുന്നു. അവരുടെ ചൊൽപ്പടിക്ക് നിൽക്കുകയാണ് മുഖ്യമന്ത്രി. ഇവർ എന്തെങ്കിലും വെളിപ്പെടുത്തുമോ എന്ന് മുഖ്യമന്ത്രി ഭയക്കുന്നുവെന്നും വി.ഡി.സതീശൻ ആരോപിച്ചു.

പൊലീസിനെ ഇത് പോലെ നാണം കെടുത്തിയ കാലം ഉണ്ടായിട്ടില്ല. സിപിഎം എല്ലാ കാലത്തേയും വലിയ ജീർണതയിലേക്ക് പോകുന്നു. സിപിഎം ബംഗാളിലെ പോലെ തകർന്ന് പോകുന്നത് യുഡിഎഫ് ആഗ്രഹിക്കുന്നില്ലെന്നും വി.ഡി.സതീശൻ പറഞ്ഞു. തൃശൂർ പൂരം കലക്കിയത് മനപൂർവ്വമായ ഗൂഡാലോചനയെന്നും കമ്മീഷണർ അഴിഞ്ഞാടുകയായിരുന്നു വി.ഡി.സതീശൻ കൂട്ടിച്ചേർത്തു.

എഡിജിപിക്കെതിരെ ഗുരുതര ആരോപണങ്ങൾ പി.വി. അൻവർ എംഎൽഎ ഉന്നയിച്ചിരുന്നു. എടവണ്ണ കൊലക്കേസ് അട്ടിമറിച്ചത് എഡിജിപിയാണെന്നും, യാഥാർഥ്യത്തിൽ എടവണ്ണ കൊലക്കേസിലെ പ്രതി ഷാൻ നിരപരാധിയാണെന്നും അൻവർ ആരോപിച്ചിരുന്നു. സ്വർണക്കടത്തിനെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ഷാൻ്റെ പക്കലുണ്ടായിരുന്നു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുമെന്നും ഷാൻ പറഞ്ഞിരുന്നു. പിന്നാലെയാണ് ഷാൻ കൊല്ലപ്പെടുന്നതെന്നും അൻവർ പറഞ്ഞിരുന്നു.

സ്വർണം കടത്തുന്നവരുടെ വിവരങ്ങൾ എസ്‌പി സുജിത് ദാസിന് ഗൾഫിൽ നിന്നും ലഭിക്കുമെന്നും, അജിത് കുമാറുമായി ബന്ധമില്ലാത്തവർ സ്വർണം കടത്തിയാൽ സുജിത് ദാസ് ഐപിഎസ് പിടികൂടുമെന്നും അൻവർ എംഎൽഎ ആരോപിച്ചിരുന്നു. ഡാൻസാഫ് സംഘം എല്ലാ കാര്യത്തിലും ഇടപെട്ടിരുന്നു. സോളാർ കേസിൽ സരിതയുമായി അജിത് കുമാറിന് അടുത്ത ബന്ധമുണ്ടെന്നും പി.വി. അൻവർ എംഎൽഎ ആരോപിച്ചിരുന്നു.

SCROLL FOR NEXT