പൂരം കലക്കൽ വിവാദത്തിൽ സിറ്റി പൊലീസ് കമ്മീഷണറെ മാത്രം കുറ്റപ്പെടുത്തി അന്വേഷണ റിപ്പോർട്ട്. പൂരം കലങ്ങിയതിൽ ബാഹ്യ ഇടപെടലില്ല. ബോധപൂർവമായ ഗൂഢാലോചനയോ അട്ടിമറിയോ ഇല്ല എന്നും റിപ്പോർട്ടിൽ പറയുന്നു. പൂരം ഏകോപനത്തിൽ കമ്മീഷണർ അങ്കിത് അശോകിന് വീഴ്ച പറ്റി. പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അനുനയിപ്പിക്കുന്നതിലും വീഴ്ച പറ്റി. പരിചയക്കുറവാണ് വീഴ്ചയായെതെന്നും റിപ്പോർട്ട്. റിപ്പോർട്ട് എഡിജിപി മുഖ്യമന്ത്രിയുടെ ഓഫീസിനും കൈമാറി.
പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് എഡിജിപി എം.ആർ. അജിത് കുമാർ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയത്. റിപ്പോർട്ട് ഉടനെ നൽകണമെന്ന നിർദേശത്തെത്തുടർന്നായിരുന്നു ഇത്. തൃശൂർ പൂരം അലങ്കോലമായതിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ഈ മാസം 24ന് സമർപ്പിക്കാൻ മുഖ്യമന്ത്രിയുടെ അന്ത്യശാസനമുണ്ടായിരുന്നു. പിന്നാലെയാണ് എഡിജിപിയുടെ റിപ്പോർട്ട് എത്തിയത്.
അന്വേഷണം പ്രഖ്യാപിച്ച് അഞ്ച് മാസങ്ങൾക്ക് ശേഷമാണ് റിപ്പോർട്ട് സർക്കാരിൻ്റെ കൈകളിലേക്ക് എത്തുന്നത്. പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണം പ്രഖ്യാപിച്ച് അഞ്ചുമാസം കഴിഞ്ഞിട്ടും റിപ്പോർട്ട് എവിടെയെന്ന ചോദ്യം സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. അന്വേഷണം അട്ടിമറിക്കപ്പെട്ടെന്ന സംശയം കഴിഞ്ഞദിവസം സിപിഐ നേതാക്കളും ഉയർത്തി. ഇതോടെയാണ് ഈ മാസം 24ന് മുമ്പ് റിപ്പോർട്ട് നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടത്.