NEWSROOM

എഡിജിപിക്കെതിരായ അന്വേഷണം ആരംഭിച്ചു; പ്രത്യേക അന്വേഷണ സംഘത്തിൻ്റെ യോഗം വിളിച്ച് ഡിജിപി

യോഗത്തില്‍ പി.വി. അൻവറും എം.ആർ. അജിത് കുമാറും നൽകിയ പരാതികൾ പരിശോധിക്കും

Author : ന്യൂസ് ഡെസ്ക്

എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ നിലമ്പൂർ എംഎല്‍എ പി.വി. അന്‍വറിന്‍റെ ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ യോഗം വിളിച്ച് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് വിളിച്ചു ചേർത്തു. ഉച്ചയ്ക്ക് 12.30 ന് പൊലീസ് ആസ്ഥാനത്താണ് യോഗം ചേരുന്നത്. യോഗത്തില്‍ പി.വി. അൻവറും എം.ആർ. അജിത് കുമാറും നൽകിയ പരാതികൾ പരിശോധിക്കും. കൂടാതെ അന്വേഷണ രീതികൾ എങ്ങനെയായവണം എന്ന കാര്യത്തിലു തീരുമാനമുണ്ടാകും.

അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ ഇന്നലെ ഉത്തരവിറക്കിയെങ്കിലും സംഘത്തിൻ്റെ യോഗം വിളിച്ചു ചേർത്തിരുന്നില്ല. അന്വേഷണ സംഘത്തെ തീരുമാനിച്ചതിൽ ഡിജിപിക്കുള്ള അതൃപ്തി കാരണമാണ് യോഗം ചേരാതെയിരുന്നത് എന്നാണ് പുറത്ത് വന്ന വിവരം.


സാധാരണ കേസുകളിൽ അന്വേഷണ സംഘത്തെ തീരുമാനിക്കാനുള്ള അവകാശം സംഘത്തലവനാണ്. എന്നാൽ എഡിജിപിക്ക് എതിരായ അന്വേഷണ സംഘത്തെ തീരുമാനിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. ഡിജിപി ഒഴികെ എല്ലാവരും അജിത് കുമാറിന്‍റെ വിശ്വസ്തരാണെന്നായിരുന്നു ആരോപണം. എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിനിർത്തി അന്വേഷണം വേണമെന്ന് ഡിജിപിയുടെ ആവശ്യം മുഖ്യമന്ത്രി തള്ളിയിരുന്നു.

ഒരു മാസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്. ഡിജിപിക്ക് പുറമെ തിരുവനന്തപുരം ഐജി ഗജുലവർത്തി, ജി. സ്പര്‍ജന്‍ കുമാര്‍ (ഐജിപി, സൗത്ത് സോണ്‍ & സിപി, തിരുവനന്തപുരം സിറ്റി), തൃശൂർ ഡിഐജി തോംസണ്‍ ജോസ്, സ്പെഷ്യല്‍ ബ്രാഞ്ച് എസ്‌പി എസ്. മധുസൂദനന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റു അംഗങ്ങള്‍.

SCROLL FOR NEXT