NEWSROOM

സിദ്ദീഖിന്‍റെ അറസ്റ്റ്: സുപ്രീം കോടതി വിധി വന്ന ശേഷം മതിയെന്ന തീരുമാനവുമായി അന്വേഷണ സംഘം

മുൻകൂർ ജാമ്യത്തിനായി നടൻ സുപ്രീം കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് തീരുമാനം

Author : ന്യൂസ് ഡെസ്ക്

സുപ്രീം കോടതി വിധിക്ക് ശേഷം നടൻ സിദ്ദീഖിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുത്താൽ മതിയെന്ന് അന്വേഷണ സംഘം. മുൻകൂർ ജാമ്യത്തിനായി നടൻ സുപ്രീം കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് തീരുമാനം. സിദ്ദീഖിനെതിരായ ഹൈക്കോടതി വിധിക്ക് പിന്നാലെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ അന്വേഷണ സംഘം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അറസ്റ്റ് സൂചന വന്നതിനു പിന്നാലെ നടന്‍ ഒളിവില്‍ പോവുകയായിരുന്നു.

സുപ്രീം കോടതിയെ സമീപിക്കുന്നതിന് മുമ്പേ നടനെ അറസ്റ്റ് ചെയ്യാനായിരുന്നു ആദ്യ തീരുമാനം. മുന്‍കൂർ ജാമ്യ ഹർജിയിൽ അതിജീവിതയും സർക്കാരും തടസഹർജികള്‍ നൽകിയതിനാൽ കോടതി നിലപാട് അനുകൂലമാകും എന്നാണ് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തൽ. ഇതിനിടെ സിദ്ദീഖിനായി ലുക്ക് ഔട്ട് നോട്ടീസും അന്വേഷണസംഘം പുറപ്പെടുവിച്ചു. സിദ്ദീഖിന്‍റെ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിച്ചേക്കും. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി സിദ്ദീഖിന് വേണ്ടി ഹാജരാകും.

Also Read: സുപ്രീം കോടതിയെ സമീപിച്ച് സിദ്ദീഖ്; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

അതേസമയം, സംഭവത്തില്‍ തന്‍റെ വശം ഹൈക്കോടതി പരിഗണിച്ചില്ലെന്നും അതിജീവിത എട്ട് വര്‍ഷത്തിന് ശേഷം ഉന്നയിക്കുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നുമാണ് സിദ്ദീഖിന്‍റെ വാദം. ഭയം മൂലം പരാതി പറയാതിരുന്നുവെന്നത് അവിശ്വസനീയമാണ്. 2019ല്‍ സോഷ്യല്‍ മീഡിയയില്‍ ആരോപണം ഉന്നയിച്ചപ്പോള്‍ ബലാത്സംഗം എന്ന് പറഞ്ഞിരുന്നില്ല. ഇക്കാര്യം ഹൈക്കോടതി പരിഗണിച്ചില്ലെന്നും സിദ്ദീഖ് പറഞ്ഞു.

SCROLL FOR NEXT