കൊടകര കുഴൽപ്പണക്കേസിൽ വെളിപ്പെടുത്തൽ നടത്തിയ തിരൂർ സതീശിൻ്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ജില്ലാ ഓഫീസിൽ വന്ന കള്ളപ്പണത്തെക്കുറിച്ച് വ്യക്തമായ വിവരം പൊലീസിന് കൈമാറിയെന്ന് തിരൂർ സതീശ് പറഞ്ഞു. തൻ്റെ കയ്യിലുള്ള രഹസ്യ സ്വഭാവമുള്ള രേഖകൾ കൈമാറിയെന്നും, തുടക്കം മുതലുള്ള എല്ലാ കാര്യങ്ങളും പൊലീസിനോട് പറഞ്ഞുവെന്നും സതീശ് വ്യക്തമാക്കി. കുഴൽപ്പണത്തെക്കുറിച്ച് തനിക്കറിയാവുന്ന കാര്യങ്ങൾ സത്യസന്ധമായി മൊഴി നൽകിയതെന്നും സതീശ് കൂട്ടിച്ചേർത്തു.
കൊടകര വിഷയത്തിൽ തിരൂർ സതീശിനെക്കൊണ്ട് മൊഴി കൊടുപ്പിച്ചത് മാധ്യമങ്ങളെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞത്. 2021- ൽ ഈ മൊഴികളെല്ലാം വന്നിരുന്നു. പഴയ മൊഴി വീണ്ടും വാർത്തയാക്കുന്നത് അംഗീകരിക്കില്ലെന്നും, ഒട്ടും ഭയമില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി. 'ഇതിലും വലിയ വെള്ളിയാഴ്ച വന്നിട്ട് വാപ്പ പള്ളിയിൽ പോയിട്ടില്ല. സതീശ് മൊഴി നൽകുന്നത് ആര് പറഞ്ഞിട്ടാണെന്ന് തങ്ങൾക്കറിയാമെന്നും, ഒരാൾ പാലക്കാട്ട് നിന്ന് മുങ്ങിയിട്ട് തൃശൂർ ആണ് പൊങ്ങിയതെന്നും കെ. സുരേന്ദ്രൻ ഓർമിപ്പിച്ചു.
ALSO READ: സിപിഎമ്മിന് ഇടതു സ്വഭാവം നഷ്ടമായി; പാർട്ടി വിട്ട മുൻ ഏരിയാ കമ്മിറ്റി അംഗം ബിപിൻ സി. ബാബു ബിജെപിയിൽ
തിരൂർ സതീശ് നടത്തിയ വെളിപ്പെടുത്തലിനെ തുടർന്ന് കേസിൽ പുനരന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു. കൊച്ചി ഡിസിപി കെ. സുദർശൻ നേതൃത്വം നൽകുന്ന അന്വേഷണ സംഘത്തിൻ്റെ മേൽനോട്ട ചുമതല തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസിനാണ്.
2021 ഏപ്രില്‍ നാലിനാണ് തൃശൂര്‍ ജില്ലാ ഓഫീസില്‍ നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോയ പണം കവര്‍ച്ച ചെയ്യപ്പെട്ടത്. കാര്‍ ഡ്രൈവര്‍ ഷംജീര്‍ കൊടകര പൊലീസില്‍ പരാതി നല്‍കി. 25 ലക്ഷം രൂപയടക്കം കാര്‍ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി. പൊലീസ് അന്വേഷണത്തില്‍ മൂന്നരക്കോടി രൂപയുണ്ടായിരുന്നതായും ബിജെപിയുടെ പണമാണ് ഇതെന്നും കണ്ടെത്തിയിരുന്നു. പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്.
സംഭവത്തില്‍ 23 പേരെ അറസ്റ്റ് ചെയ്‌തിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അടക്കം 19 പേര്‍ കേസില്‍ സാക്ഷികളാണ്. തെരഞ്ഞെടുപ്പിനായി കര്‍ണാടകയില്‍ നിന്ന് ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ. ജി. കര്‍ത്തയ്ക്ക് നല്‍കാന്‍ എത്തിച്ച പണമാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. അന്വേഷണം അവസാനിപ്പിച്ച കേരളാ പൊലീസ്, കേസ് ഏറ്റെടുക്കണമെന്ന് ഇഡിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും തുടർനടപടികളൊന്നും ഉണ്ടായില്ല.
2021 ഓഗസ്റ്റ് 8 നാണ് ഈ ആവശ്യമുന്നയിച്ച് കൊണ്ട് ഇഡിയുടെ കൊച്ചി ഡെപ്യൂട്ടി ഡയറക്ടർക്ക് വി.കെ. രാജു കത്തയച്ചത്. കഴിഞ്ഞ മൂന്ന് കൊല്ലമായിട്ടും ഈ കത്തിൽ ഇഡി അന്വേഷണമില്ലാത്തത് സംശയകരമാണ്. ഹവാല ഇടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ പൊലീസ് കത്ത് നൽകിയില്ലെന്ന് കേന്ദ്ര സഹമന്ത്രി കളവ് പറഞ്ഞത് നേരത്തെ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കത്ത് പുറത്തുവന്നത്.
പണം കൈകാര്യ ചെയ്തതിൻ്റെ തെളിവുകള്‍ കയ്യിലുണ്ടെന്നും, കോടിക്കണക്കിന് രൂപയ്ക്ക് കാവല്‍ നിന്നയാളാണ് താനെന്നുമായിരുന്നു തിരൂർ സതീശ് പറഞ്ഞത്. തൃശൂര്‍ ജില്ലയിലേക്കുള്ള പണം ഓഫീസില്‍ ഇറക്കി, ബാക്കി പണവുമായി ആലപ്പുഴയ്ക്ക് പോകുമ്പോഴാണ് കൊടകരയില്‍ മൂന്നരക്കോടി രൂപ കൊള്ളയടിക്കപ്പെട്ടതെന്നും സതീശ് പറഞ്ഞിരുന്നു.