ബലാത്സംഗ കേസിൽ സുപ്രീംകോടതിയിൽ നിന്നും ഇടക്കാല മുൻകൂർ ജാമ്യം ലഭിച്ചതോടെ നടൻ സിദ്ദീഖിനെതിരെയുള്ള തുടർ നടപടിയിൽ അന്വേഷണ ഉദ്യോഗസ്ഥർ നിയമോപദേശം തേടി. ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയില്ലങ്കിൽ സ്വമേധയാ ഹാജരാകാനാണ് സിദ്ദിഖിൻ്റെ തീരുമാനം. സിദ്ദീഖിനെ അറസ്റ്റ് ചെയ്താലും വിട്ടയക്കേണ്ടിവരും.
അന്വേഷണവുമായി സഹകരിക്കണമെന്ന് നിർദേശിച്ചാണ് ഇടക്കാല മുൻകൂർ ജാമ്യം സുപ്രിം കോടതി അനുവദിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ സിദ്ദീഖ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ തയാറാണ്. ചോദ്യം ചെയ്യലിനെത്താൻ അന്വേഷണ സംഘം നോട്ടീസ് നൽകിയാൽ അതിനനുസരിച്ച് സിദ്ദീഖ് ഹാജരാകും. മറിച്ചാണെങ്കിൽ സ്വമേധയാ അന്വേഷണ ഉദ്യോഗസ്ഥനെ സമീപിക്കാനാണ് സിദ്ദീഖിൻ്റെ തീരുമാനം. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയാൽ വിചാരണ കോടതി നിർദേശിക്കുന്ന ഉപാധികളോടെ സിദ്ദീഖിനെ വിട്ടയക്കണം.
Also Read: ഹോട്ടലിൽ താമസിച്ചതിന്റെ രേഖകൾ, ഭക്ഷണ കഴിച്ചതിന്റെ ഹോട്ടൽ ബിൽ; സിദ്ദീഖിനെതിരെ കൂടുതൽ തെളിവുകൾ
രണ്ടാഴ്ചക്ക് ശേഷം സുപ്രിം കോടതി മുൻകൂർ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുമ്പോൾ അന്വേഷണ പുരോഗതി അറിയിക്കേണ്ടിവരും. ഒരിക്കൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചാൽ പിന്നീട് അറസ്റ്റ് ചെയ്യാനാവില്ല. അതിനാൽ ചോദ്യം ചെയ്യലിന് വിളിപ്പിച്ചാലും അറസ്റ്റ് ചെയ്യാതെ വിട്ടയക്കണമോയെന്ന കാര്യത്തിലും അന്വേഷണ ഉദ്യോഗസ്ഥർക്ക് ആശയകുഴപ്പമുണ്ട്. ഇത് സംബന്ധിച്ച് സർക്കാർ അഭിഭാഷകരോട് അന്വേഷണ സംഘം നിയമോപദേശം തേടിയിട്ടുണ്ട്.
സിദ്ദീഖ് സ്വാധീനമുള്ള വ്യക്തിയാണെന്നും തെളിവ് ലഭിച്ചതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും കോടതിയിൽ പൊലീസ് വാദം ഉന്നയിച്ചിരുന്നു . ഈ സാഹചര്യത്തിൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യാതെ വിട്ടയച്ചാൽ അത് പ്രതിഭാഗം സുപ്രിം കോടതിയിൽ ഉന്നയിക്കും. കോടതിയുടെ അന്തിമ തീരുമാനം അറിയുന്നതു വരെ സിദ്ദീഖിൻ്റെ അറസ്റ്റ് രേഖപ്പെടുത്താതെ ചോദ്യം ചെയ്ത് വിട്ടയക്കാനുള്ള സാധ്യതയും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.