NEWSROOM

നിക്ഷേപ തുക തിരിച്ചു കിട്ടിയില്ല; ഇടുക്കി തോപ്രാംകുടി സര്‍വീസ് സഹകരണ ബാങ്കിന് മുന്നില്‍ പ്രതിഷേധിച്ച് നിക്ഷേപകന്‍

നിക്ഷേപതുകയായ എട്ടര ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടാണ് പടലാംകുന്നേല്‍ ജോസ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബാങ്കില്‍ കയറിയിറങ്ങുന്നത്.

Author : ന്യൂസ് ഡെസ്ക്


നിക്ഷേപതുക തിരിച്ചു കിട്ടാത്തതില്‍ പ്രതിഷേധിച്ച് ബാങ്കിനു മുന്നില്‍ നിക്ഷേപകന്റെ കുത്തിയിരിപ്പ് സമരം. ഇടുക്കി തോപ്രാംകുടി കനകക്കുന്ന് സ്വദേശി ജോസ് ആണ് തോപ്രാംകുടി സര്‍വീസ് സഹകരണ ബാങ്കിന് മുന്നില്‍ പ്രതിഷേധിച്ചത്. എട്ടുലക്ഷത്തി അന്‍പതിനായിരം രൂപ നിക്ഷേപ തുക ലഭിക്കാനുണ്ടന്നാണ് ജോസിന്റെ പരാതി.

നിക്ഷേപതുകയായ എട്ടര ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടാണ് പടലാംകുന്നേല്‍ ജോസ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബാങ്കില്‍ കയറിയിറങ്ങുന്നത്. പണം പലകുറി തിരികെ ചോദിച്ചിട്ടും മറുപടിയില്ലാതെ വന്നതോടെയാണ് എല്‍ഡിഎഫ് ഭരിക്കുന്ന ഇടുക്കി തോപ്രാംകുടി സര്‍വീസ് സഹകരണ ബാങ്കിന് മുമ്പില്‍ ജോസ് കുത്തിയിരുന്ന് പ്രതിഷേധിച്ചത്. കഴിഞ്ഞ ഡിസംബര്‍ 31 -ന് പണം നല്‍കാമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും, നയാ പൈസ ലഭിച്ചില്ലെന്ന് ജോസ് പറയുന്നു.

സമരം അറിഞ്ഞെത്തിയ മുരിക്കാശ്ശേരി പൊലീസ് ഏറെ നേരം നിക്ഷേപകന്‍ ജോസുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ പ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. മുരിക്കാശ്ശേരി പൊലീസ് സ്റ്റേഷനില്‍ എത്തിയാല്‍ പ്രശ്‌ന പരിഹാരത്തിനായി ഇടപെടാമെന്ന് സി.ഐ നല്‍കിയ ഉറപ്പിന്മേല്‍ ജോസ് ബാങ്കില്‍ നിന്ന് മടങ്ങി. മുന്‍പും തോപ്രാംകുടി സര്‍വീസ് സഹകരണ ബാങ്കിന് മുന്നില്‍ നിക്ഷേപകരുടെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഒരു മാസം മുന്‍പാണ് കട്ടപ്പനയില്‍ നിക്ഷേപ തുക തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് സാബു തോമസ് എന്ന വ്യാപാരി ആത്മഹത്യ ചെയ്തത്.

SCROLL FOR NEXT