എം.എസ് ധോണി, ഹർഷല്‍ പട്ടേല്‍ 
NEWSROOM

IPL 2025 | CSK vs SRH | 400-ാം ടി20യില്‍ തിളങ്ങാനാകാതെ ധോണി; ഹർഷലിന് നാല് വിക്കറ്റ്, ഹൈദരാബാദിന് 155 റണ്‍സ് വിജയലക്ഷ്യം

തോൽവികൾക്ക് നടുവിൽ പ്ലേഓഫ് സ്വപ്നം ഏറെക്കുറെ അവസാനിച്ച ഇരുടീമുകളും പോയിൻ്റ് പട്ടികയുടെ ഏറ്റവും താഴെയാണ്

Author : ന്യൂസ് ഡെസ്ക്

ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സിന് 155 റൺസ് വിജയലക്ഷ്യം. ചെന്നൈ 19.5 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുത്തു. നാല് വിക്കറ്റ് നേടിയ ഹർഷല്‍ പട്ടേലാണ് ചെന്നൈ ബാറ്റിങ് നിരയെ തകർത്തത്. തോൽവികൾക്ക് നടുവിൽ പ്ലേഓഫ് സ്വപ്നം ഏറെക്കുറെ അവസാനിച്ച ഇരുടീമുകളും പോയിൻ്റ് പട്ടികയുടെ ഏറ്റവും താഴെയാണ്.

ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് ചെന്നൈയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ചെന്നൈയുടേത് വളരെ മോശം തുടക്കമായിരുന്നു. ആദ്യ ഓവറിലെ ആദ്യ പന്തിൽ തന്നെ ഓപ്പണർ ഷെയ്ഖ് റഷീദിനെ സൂപ്പർ കിംഗ്സിന് നഷ്ടമായി. മുഹമ്മദ് ഷമിയുടെ പന്തിൽ അഭിഷേക് ശർമ ക്യാച്ചെടുക്കുകയായിരുന്നു. അഞ്ചാം ഓവറിൽ (4.3) പാറ്റ് കമ്മിൻസിന്‍റെ പന്തിൽ ഇഷാൻ കിഷൻ ക്യാച്ചെടുത്ത് ആയുഷ് മാത്രെയും പുറത്തായി. 19 പന്തിൽ 30 റൺസായിരുന്നു ആയുഷിന്‍റെ സമ്പാദ്യം. ആറ് ബൗണ്ടറികളാണ് താരം അടിച്ചത്. പത്ത് പന്തുകൾ നേരിട്ട സാം കൂറന് (9) കാര്യമായി എന്തെങ്കിലും ചെയ്യാൻ സാധിക്കും മുൻപ് ഹർഷൽ പട്ടേൽ പുറത്താക്കി. ചെന്നൈ നിരയിലെ 200 റൺസ് പിന്നിട്ട ഒരേയൊരു ബാറ്ററായ ശിവം ദുബെയ്ക്ക് ഇന്ന് തിളങ്ങാനായില്ല. ഒൻപത് പന്തിൽ 12 റൺസാണ് താരം നേടിയത്. 25 പന്തിൽ 42 റൺ‌സെടുത്ത ഡെവാൾഡ് ബ്രെവിസാണ് ചെന്നൈയുടെ സ്കോർ ഉയർത്തിയത്. ഒരു ഫോറും നാല് സിക്സും അടിച്ച ബ്രെവിസ് പട്ടേലിന്‍റെ പന്തിൽ കമിന്ദു മെൻഡിസിന്‍റെ മനോഹരമായ ക്യാച്ചിലാണ് പുറത്തായത്.

400-ാം ട്വന്റി ട്വന്റി മത്സരത്തിന് ഇറങ്ങിയ മഹേന്ദ്ര സിംഗ് ധോണി കാര്യമായ സ്കോർ കണ്ടെത്താതെയാണ് മടങ്ങിയത്. 10 പന്തുകൾ നേരിട്ട താരത്തിന് ആറ് റൺസ് മാത്രമാണ് നേടാനായത്. 17 ഓവറിൽ ടീം സ്കോ‍ർ 131ൽ നിൽക്കുമ്പോഴായിരുന്നു നായകന്‍റെ മടക്കം.


സൺറൈസേഴ്‌സ് ഹൈദരാബാദിനായി ഹർഷൽ പട്ടേൽ നാല് വിക്കറ്റെടുത്തു. സാം കൂറന്‍ (9), ഡെവാൾഡ് ബ്രെവിസ് (42), എം.എസ്. ധോണി (6), നൂർ അഹ്മദ് (2) എന്നിവരുടെ വിക്കറ്റുകളാണ് ഹർഷല്‍ എടുത്തത്. മുഹമ്മദ് ഷമി (1), പാറ്റ് കമ്മിൻസ് (2), ജയദേവ് ഉനദ്കട്ട് (2), കമിന്ദു മെൻഡിസ് (1) എന്നിവരാണ് വിക്കറ്റ് നേടിയ മറ്റ് താരങ്ങൾ.

ബൗളിങ്ങിന് ഇറങ്ങുമ്പോൾ പർപ്പിൾ ക്യാപ് പോരാട്ടത്തിൽ ശക്തമായ സാന്നിധ്യമായ നൂർ അഹമ്മദും ഖലീൽ അഹമ്മദുമാണ് ചെന്നൈയുടെ കരുത്ത്. എട്ട് മത്സരങ്ങളിൽ നൂർ 12ഉം ഖലീൽ 11ഉം വിക്കറ്റുകളാണ് ഇതുവരെ നേടിയത്. മതീഷ പതിരാനയും ടീമിൻ്റെ ശക്തിയാണ്. പക്ഷേ 154 എന്ന സ്കോ‍ർ പ്രതിരോധിക്കുക ബൗളർമാർക്ക് വെല്ലുവിളിയാകും. 

SCROLL FOR NEXT